കാൽനട യാത്രികരുടെ സുരക്ഷയ്ക്കായി റോഡുകളിലെ പെഡസ്ട്രിയൻ ക്രോസിങ്ങുകളിൽ റഡാർ സംവിധാനം പ്രയോഗക്ഷമമാക്കിയതായി അബുദാബി പോലീസ് അറിയിച്ചു. പെഡസ്ട്രിയൻ ക്രോസിങ്ങുകളിൽ വാഹനങ്ങൾ നിർത്താതിരിക്കുന്നവരെയും, കാൽനട യാത്രികർക്ക് മുൻഗണന നൽകുന്നതിൽ വീഴ്ച്ച വരുത്തുന്നവരെയും ഈ നൂതന റഡാർ സംവിധാനം ഉപയോഗിച്ച് കൊണ്ട് കണ്ടെത്തുന്നതിന് സാധിക്കുമെന്ന് അബുദാബി പോലീസ് വ്യക്തമാക്കി.
കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് റോഡ് മുറിച്ച് കടക്കുന്നതിനുള്ള ഇടങ്ങൾ നിരീക്ഷിക്കുന്നതിനുള്ള കൃത്രിമബുദ്ധിയിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട് സംവിധാനമൊരുക്കിയിരിക്കുന്നത്. ഈ സംവിധാനം കാൽനട യാത്രികർക്ക് മുൻഗണന നൽകുന്നതിൽ വീഴ്ച്ച വരുത്തുന്ന വാഹനങ്ങളെ കണ്ടെത്തി ഡ്രൈവർമാർക്ക് താക്കീത് നൽകുന്നതിന് പോലീസിനെ സഹായിക്കുന്നു.
പെഡസ്ട്രിയൻ ക്രോസിങ്ങുകൾ നിരീക്ഷിക്കുന്നതിനായി നിർമ്മിതബുദ്ധി ഉപയോഗിക്കുന്ന ഹേസർ റഡാർ സംവിധാനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ജനങ്ങളുടെ ഇടയിൽ റോഡ് സുരക്ഷാ അവബോധം വളർത്താനും അതിലൂടെ റോഡ് മുറിച്ച് കടക്കുന്നതിനുള്ള ഇടങ്ങളിലെ അപകട നിരക്ക് കുറയ്ക്കാനും ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ നടപടി.
ഈ സംവിധാനം പ്രത്യേക സിഗ്നലുകളില്ലാത്ത പെഡസ്ട്രിയൻ ക്രോസിങ്ങുകൾ നിരീക്ഷിക്കുന്നതും കാൽനട യാത്രികർക്ക് മുൻഗണന നൽകുന്നതിൽ വീഴ്ച്ച വരുത്തുന്ന വാഹനങ്ങളുടെ ലൈസൻസ് പ്ലേറ്റ് വിവരങ്ങൾ പോലീസ് കൺട്രോൾ റൂമിലേക്ക് നൽകുന്നതുമാണ്. ഇത്തരം നിയമലംഘനങ്ങൾ നടത്തുന്ന ഡ്രൈവർമാർക്ക് ട്രാഫിക് ചട്ടങ്ങൾ കൃത്യമായി പാലിക്കാൻ ഓർമ്മപ്പെടുത്തികൊണ്ടുള്ള ഒരു താക്കീത് സന്ദേശം ലഭിക്കുന്നതാണ്.