എമിറേറ്റിലെ റോഡ് എക്സിറ്റുകളിലും, കാൽനടയാത്രികർക്കുള്ള പെഡസ്ട്രിയൻ ക്രോസിങ്ങുകളിലും പുതിയ റഡാറുകളും, എ ഐ കാമറകളും പ്രവർത്തനക്ഷമമാക്കിയതായി അബുദാബി പോലീസ് അറിയിച്ചു. റോഡ് എക്സിറ്റുകളിലെയും, പെഡസ്ട്രിയൻ ക്രോസിങ്ങുകളിലെയും ട്രാഫിക് നിയമലംഘനങ്ങൾ സ്വയമേവ കണ്ടെത്തുന്നതിനാണ് ഈ പുതിയ സംവിധാനങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.
2023 ഡിസംബർ 13-നാണ് അബുദാബി പോലീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ‘EXIT-I’ എന്ന പേരിലുളള ഈ റഡാർ ഉപകരണങ്ങളിലൂടെ പെഡസ്ട്രിയൻ ക്രോസിങ്ങുകളിൽ കാൽനടയാത്രികർക്ക് മുൻഗണന നൽകാത്ത വാഹനങ്ങളെ സ്വയമേവ കണ്ടെത്താനാകുന്നതാണ്.
ഇതിന് പുറമെ റോഡ് എക്സിറ്റുകളിലും, ഇന്റർസെക്ഷനുകളിലും നടക്കുന്ന നിയമപരമല്ലാത്ത ഓവർടേക്കിങ്ങ്, ട്രാഫിക് തടസം സൃഷ്ടിക്കൽ, വാഹനം വെട്ടിത്തിരിക്കൽ തുടങ്ങിയ ട്രാഫിക് നിയമലംഘനങ്ങൾ ഇത്തരം കാമറാ സംവിധാനങ്ങൾ ഉപയോഗിച്ച് കൊണ്ട് സ്വയമേവ കണ്ടെത്താനാകുമെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
എമിറേറ്റിലെ ഡ്രൈവർമാർക്കിടയിൽ ട്രാഫിക് നിയമങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടുന്നതിനും, റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ പുതിയ സംവിധാനം നടപ്പിലാക്കിയിരിക്കുന്നത്.
Cover Image: @ADPoliceHQ.