അബുദാബി: മഴയ്ക്ക് സാധ്യത; റോഡിൽ പുലർത്തേണ്ട ജാഗ്രത സംബന്ധിച്ച് പോലീസ് അറിയിപ്പ് നൽകി

UAE

എമിറേറ്റിലെ റോഡുകളിൽ ശക്തമായ മഴ അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ പുലർത്തേണ്ട മുൻകരുതൽ നടപടികൾ സംബന്ധിച്ച് അബുദാബി പോലീസ് പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി. 2022 ഓഗസ്റ്റ് 12-ന് വൈകീട്ടാണ് അബുദാബി പോലീസ് ഇത്തരം ഒരു അറിയിപ്പ് നൽകിയത്.

അബുദാബിയിലെ റോഡുകളിൽ മഴ അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ താഴെ പറയുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്:

  • യാത്ര പുറപ്പെടുന്നതിന് മുൻപായി വാഹനങ്ങളിലെ ടയർ, വൈപ്പർ മുതലായവ പൂർണ്ണമായും പ്രവർത്തനസജ്ജമാണെന്നും, സുരക്ഷിതമാണെന്നും പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടതാണ്.
  • പകൽ സമയങ്ങളിൽ ശക്തമായ മഴ അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ വാഹനങ്ങളുടെ ഹെഡ് ലൈറ്റ് തെളിയിക്കേണ്ടതാണ്. കാഴ്ച്ച കൂടുതൽ സുഗമമാകുന്നതിനും, മറ്റു ഡ്രൈവർമാർക്ക് നിങ്ങളുടെ വാഹനം കാണുന്നതിനും ഇത് സഹായിക്കുന്നതാണ്.
  • മറ്റു വാഹനങ്ങളുമായി കൂടുതൽ സുരക്ഷിതമായ അകലം പാലിക്കേണ്ടതാണ്.
  • റോഡുകളിലെ പരമാവധി വേഗത സംബന്ധിച്ച നിർദ്ദേശങ്ങൾ, മറ്റു അടയാള നിർദ്ദേശങ്ങൾ എന്നിവ കൃത്യമായി പാലിക്കേണ്ടതാണ്.
  • റോഡിൽ വെള്ളം കെട്ടിക്കിടക്കുന്ന ഇടങ്ങളിലൂടെ വാഹനങ്ങൾ ഓടിക്കുന്നത് ഒഴിവാക്കേണ്ടതാണ്.
  • മഴ അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ ഡ്രൈവ് ചെയ്യുമ്പോൾ നിങ്ങളുടെ ശ്രദ്ധ വ്യതിചലിക്കാൻ ഇടയാക്കുന്ന എല്ലാ പ്രവർത്തനങ്ങളും ഒഴിവാക്കേണ്ടതാണ്.

അബുദാബിയിലെ റോഡുകളിൽ വാഹനങ്ങൾ ഉപയോഗിക്കുന്നവരുടെ സ്വന്തം സുരക്ഷയും, മറ്റുള്ളവരുടെ സുരക്ഷയും മുൻനിർത്തി ഈ നിർദ്ദേശങ്ങൾ പാലിക്കാൻ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

2022 ഓഗസ്റ്റ് 14, ഞായറാഴ്ച മുതൽ 2022 ഓഗസ്റ്റ് 18, വ്യാഴാഴ്ച വരെ എമിറേറ്റിൽ അസ്ഥിര കാലാവസ്ഥ അനുഭവപ്പെടാൻ സാധ്യതയുള്ളതായി അബുദാബി മീഡിയ ഓഫീസ് അറിയിച്ചിരുന്നു.