അസ്ഥിര കാലാവസ്ഥ: റോഡിൽ ജാഗ്രത പുലർത്താൻ അബുദാബി പോലീസ് ആഹ്വാനം ചെയ്തു

UAE

വരും ദിനങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഡ്രൈവർമാർ റോഡുകളിൽ അതീവ ജാഗ്രത പുലർത്തണമെന്ന് അബുദാബി പോലീസ് നിർദ്ദേശം നൽകി. 2025 ഡിസംബർ 17-നാണ് അബുദാബി പോലീസ് ഈ സുരക്ഷാ അറിയിപ്പ് നൽകിയത്.

അബുദാബിയിലെ റോഡുകളിൽ മഴ അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ താഴെ പറയുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് പോലീസ് ആഹ്വാനം ചെയ്തിട്ടുണ്ട്:

  • വെള്ളംകെട്ടികിടക്കുന്ന ഇടങ്ങൾ, താഴ്വരകൾ തുടങ്ങിയ പെട്ടന്നുള്ള വെള്ളപ്പൊക്കത്തിന് സാധ്യതയുള്ള മേഖലകളിലൂടെ വാഹനങ്ങൾ ഡ്രൈവ് ചെയ്യുന്നത് ഒഴിവാക്കേണ്ടതാണ്.
  • അധികൃതർ നൽകുന്ന സുരക്ഷാ മുന്നറിയിപ്പുകൾ കർശനമായി പാലിക്കേണ്ടതാണ്.
  • യാത്ര പുറപ്പെടുന്നതിന് മുൻപായി കാലാവസ്ഥാ അറിയിപ്പുകൾ ശ്രദ്ധിക്കേണ്ടതാണ്.
  • മറ്റു വാഹനങ്ങളുമായി കൂടുതൽ സുരക്ഷിതമായ അകലം പാലിക്കേണ്ടതാണ്.
  • റോഡുകളിലെ പരമാവധി വേഗത സംബന്ധിച്ച നിർദ്ദേശങ്ങൾ, മറ്റു അടയാള നിർദ്ദേശങ്ങൾ എന്നിവ കൃത്യമായി പാലിക്കേണ്ടതാണ്.
  • വാഹനങ്ങൾ സുരക്ഷിതമായ വേഗത്തിൽ ഓടിക്കേണ്ടതാണ്.
  • മഴ അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ ഡ്രൈവ് ചെയ്യുമ്പോൾ നിങ്ങളുടെ ശ്രദ്ധ വ്യതിചലിക്കാൻ ഇടയാക്കുന്ന എല്ലാ പ്രവർത്തനങ്ങളും ഒഴിവാക്കേണ്ടതാണ്. മൊബൈൽ ഫോണിന്റെ ഉപയോഗം, ഫോട്ടോ പകർത്തുന്നതിനായി വാഹനങ്ങൾ നിർത്തുന്നത് തുടങ്ങിയ ശീലങ്ങൾ ഇതിൽ ഉൾപ്പെടുന്നതാണ്.

രാജ്യത്തിന്റെ വിവിധ മേഖലകളിൽ 2025 ഡിസംബർ 21, ഞായറാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് അബുദാബി പോലീസ് ഇത്തരം ഒരു റോഡ് സുരക്ഷാ മുന്നറിയിപ്പ് നൽകിയത്.