പകർച്ചവ്യാധി സാഹചര്യത്തിൽ ഉപയോഗിക്കാവുന്ന പ്രത്യേക എയർ ആംബുലൻസ് സംവിധാനവുമായി അബുദാബി പോലീസ്

UAE

പകർച്ചവ്യാധികൾ മൂലം മറ്റുള്ളവരിലേക്ക് രോഗവ്യാപന സാധ്യത നിലനിൽക്കുന്ന രോഗികളെ സുരക്ഷിതമായി വഹിച്ചുകൊണ്ടു പോകുന്നതിനുള്ള പ്രത്യേക എയർ ആംബുലൻസ് സേവനവുമായി അബുദാബി പോലീസ്. രോഗവ്യാപന സാഹചര്യം പൂർണ്ണമായും തടയുന്ന ഐസൊലേഷൻ സംവിധാനം സംയോജിപ്പിച്ചിരിക്കുന്ന ഈ എയർ ആംബുലൻസ്, യു എ ഇയിലെ ഇത്തരം ആദ്യ സംരംഭമാണെന്ന് അബുദാബി പോലീസ് വ്യക്തമാക്കി. രാജ്യത്തെ COVID-19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ എയർ ആംബുലൻസ് ഒരുക്കിയിരിക്കുന്നത്.

സാങ്കേതിക പുരോഗതികൾക്കൊപ്പം സഞ്ചരിക്കുന്നതിലും, പുതിയ സാങ്കേതിവിദ്യകൾ നടപ്പിലാക്കുന്നതിലും അബുദാബി പോലീസ് പുലർത്തുന്ന പ്രതിബദ്ധത വെളിപ്പെടുത്തുന്നതാണ് ഈ സംവിധാനമെന്ന് എയർ ആംബുലൻസ് ഉദ്‌ഘാടനം ചെയ്ത് കൊണ്ട് അബുദാബി പോലീസ് വ്യോമയാന വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ കേണൽ പൈലറ്റ് ഒബൈദ് മുഹമ്മദ് അൽ ഷെമേലി അഭിപ്രായപ്പെട്ടു. പൊതുസമൂഹത്തിനു എന്നും ഏറ്റവും മികച്ച സേവനങ്ങൾ നൽകുക എന്ന അബുദാബി പോലീസ് നയത്തിന്റെ മികച്ച മാതൃകയാണിതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

പകർച്ചവ്യാധികളുള്ള രോഗികളെ ഒരു ആരോഗ്യ കേന്ദ്രത്തിൽ നിന്നും മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റുന്ന അവസരത്തിൽ ഉണ്ടാകാനിടയുള്ള രോഗപകർച്ച തടയുന്നതിന് ഈ സംവിധാനം വഴിയൊരുക്കുന്നതായി അബുദാബി പോലീസ് മെഡിക്കൽ വിഭാഗത്തിലെ മേജർ ഡോ. അലി സൈഫ് അൽ ദഹോരി വ്യക്തമാക്കി. എയർ ആംബുലൻസിൽ സംയോജിപ്പിച്ചിരിക്കുന്ന പ്രത്യേക ഐസൊലേഷൻ പേടകം, രോഗികളുമായുള്ള യാത്രാവേളകളിൽ എയർ ആംബുലൻസിലെ ജീവനക്കാരിലേക്കും, മറ്റുള്ളവരിലേക്കും രോഗാണുക്കൾ പകരുന്നത് പൂർണ്ണമായും തടയുന്ന രീതിയിലാണ് രൂപകൽപന ചെയ്തിട്ടുള്ളത്. ഭാവിയിലുണ്ടായേക്കാവുന്ന മറ്റു പകർച്ചവ്യാധികളുടെ സാഹചര്യങ്ങളിലും ഈ സംവിധാനം ഉപയോഗപ്രദമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.