എമിറേറ്റിലെ റോഡുകളിൽ സഞ്ചരിക്കുന്ന സ്കൂൾ ബസുകളിലെ സ്റ്റോപ്പ് സിഗ്നലുമായി ബന്ധപ്പെട്ട ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കാൻ അബുദാബി പോലീസ് ആഹ്വാനം ചെയ്തു. 2025 ഫെബ്രുവരി 9-നാണ് അബുദാബി പോലീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
#فيديو | بالفيديو | #شرطة_أبوظبي تدعو سائقي المركبات على ضرورة الالتزام بالوقوف الكامل عند فتح ذراع (قف) الجانبية للحافلات المدرسية في كلا الاتجاهين، بمسافة لا تقل عن خمسة أمتار، لضمان عبور الطلبة بسلامة وأمان .. #درب_السلامة #ذراع_قف pic.twitter.com/ZxMcX3ZB01
— شرطة أبوظبي (@ADPoliceHQ) February 9, 2025
സ്കൂൾ ബസുകളിലെ സ്റ്റോപ്പ് സിഗ്നലുമായി ബന്ധപ്പെട്ട ട്രാഫിക് ലംഘനങ്ങൾ ഒഴിവാക്കുന്നതിന് ഡ്രൈവർമാർക്ക് അവബോധം നൽകുന്നത് ലക്ഷ്യമിട്ടുള്ള ഒരു വീഡിയോ അബുദാബി പോലീസ് ഈ അറിയിപ്പിന്റെ ഭാഗമായി പങ്ക് വെച്ചിട്ടുണ്ട്.
അബുദാബിയിലെ സ്കൂൾ ബസുകളിലെ സ്റ്റോപ്പ് സിഗ്നൽ കൃത്യമായി പാലിക്കുന്നതിനും, ഇതുമായി ബന്ധപ്പെട്ട ട്രാഫിക് പിഴകൾ, ബ്ലാക്ക് പോയിന്റുകൾ എന്നിവ ഒഴിവാക്കുന്നതിനും സഹായകമാകുന്ന നിർദ്ദേശങ്ങൾ ഈ വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സ്‌കൂൾ ബസുകളിൽ നിന്ന് ഇറങ്ങുന്നവരും, സ്‌കൂൾ ബസുകളിലേക്ക് കയറുന്നവരുമായ വിദ്യാർത്ഥികൾക്ക് സുരക്ഷിതരായി റോഡ് മുറിച്ച് കടക്കുന്നതിനായാണ് എമിറേറ്റിലെ ബസുകളിൽ പ്രത്യേക സ്റ്റോപ്പ് സൈൻ ഏർപ്പെടുത്തിയിരിക്കുന്നത്. വിദ്യാർത്ഥികളെ ഇറക്കുന്നതിനോ, കയറ്റുന്നതിനോ ആയി സ്‌കൂൾ ബസുകൾ റോഡിൽ നിർത്തുന്ന അവസരത്തിൽ, മറ്റു വാഹനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതിനായി, ബസ് ഡ്രൈവർ ഈ സ്റ്റോപ്പ് സൈൻ ഉയർത്തി വെക്കുന്നതാണ്.
ഇത്തരത്തിൽ സ്റ്റോപ്പ് സൈൻ ഉയർത്തിയിട്ടുള്ള സ്‌കൂൾ ബസുകൾക്ക് ഇരുവശത്തേക്കും അഞ്ച് മീറ്റർ പരിധിയിൽ വരുന്ന എല്ലാ വാഹനങ്ങളും പൂർണ്ണമായും നിർത്തിയിടണം എന്നാണ് നിയമം. ഈ നിയമം തെറ്റിക്കുന്ന വാഹനങ്ങൾക്ക് 1000 ദിർഹം പിഴയും, 6 ട്രാഫിക് ബ്ലാക്ക് പോയിന്റുകളും ചുമത്തുന്നതാണ്.