എമിറേറ്റിലെ റോഡുകളിൽ സഞ്ചരിക്കുന്ന സ്കൂൾ ബസുകളിലെ സ്റ്റോപ്പ് സിഗ്നലുമായി ബന്ധപ്പെട്ട ട്രാഫിക് ലംഘനങ്ങൾ ഒഴിവാക്കുന്നതിന് ഡ്രൈവർമാർക്ക് അവബോധം നൽകുന്നതിനായി ഒരു വീഡിയോ അബുദാബി പോലീസ് സമൂഹമാധ്യമങ്ങളിലൂടെ പങ്ക് വെച്ചു. 2022 സെപ്റ്റംബർ 15-നാണ് അബുദാബി മീഡിയ ഓഫീസ് ഈ വീഡിയോ പങ്ക് വെച്ചത്.
അബുദാബിയിലെ സ്കൂൾ ബസുകളിലെ സ്റ്റോപ്പ് സിഗ്നൽ കൃത്യമായി പാലിക്കുന്നതിനും, ഇതുമായി ബന്ധപ്പെട്ട ട്രാഫിക് പിഴകൾ, ബ്ലാക്ക് പോയിന്റുകൾ എന്നിവ ഒഴിവാക്കുന്നതിനും സഹായകമാകുന്ന നിർദ്ദേശങ്ങൾ ഈ വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സ്കൂൾ ബസുകളിൽ നിന്ന് ഇറങ്ങുന്നവരും, സ്കൂൾ ബസുകളിലേക്ക് കയറുന്നവരുമായ വിദ്യാർത്ഥികൾക്ക് സുരക്ഷിതരായി റോഡ് മുറിച്ച് കടക്കുന്നതിനായാണ് എമിറേറ്റിലെ ബസുകളിൽ പ്രത്യേക സ്റ്റോപ്പ് സൈൻ ഏർപ്പെടുത്തിയിരിക്കുന്നത്. വിദ്യാർത്ഥികളെ ഇറക്കുന്നതിനോ, കയറ്റുന്നതിനോ ആയി സ്കൂൾ ബസുകൾ റോഡിൽ നിർത്തുന്ന അവസരത്തിൽ, മറ്റു വാഹനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതിനായി, ബസ് ഡ്രൈവർ ഈ സ്റ്റോപ്പ് സൈൻ ഉയർത്തി വെക്കുന്നതാണ്.
ഇത്തരത്തിൽ സ്റ്റോപ്പ് സൈൻ ഉയർത്തിയിട്ടുള്ള സ്കൂൾ ബസുകൾക്ക് ഇരുവശത്തേക്കും അഞ്ച് മീറ്റർ പരിധിയിൽ വരുന്ന എല്ലാ വാഹനങ്ങളും പൂർണ്ണമായും നിർത്തിയിടണം എന്നാണ് നിയമം. ഈ നിയമം തെറ്റിക്കുന്ന വാഹനങ്ങൾക്ക് ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ 91 പ്രകാരം, 1000 ദിർഹം പിഴയും, 10 ട്രാഫിക് ബ്ലാക്ക് പോയിന്റുകളും ചുമത്തുന്നതാണ്.
വിവിധ തരം റോഡുകളിൽ ഇത് നടപ്പിലാക്കുന്നതിന്റെ മാനദണ്ഡങ്ങൾ:
- ഇരു വശത്തേക്കും ഒറ്റവരി പാത മാത്രമുള്ള റോഡുകളിൽ സ്റ്റോപ്പ് സൈൻ ഉയർത്തിയിട്ടുള്ള സ്കൂൾ ബസുകൾക്ക് അഞ്ച് മീറ്റർ പരിധിയിൽ വരുന്ന ഇരുവശത്തേക്കും സഞ്ചരിക്കുന്ന വാഹനങ്ങൾ നിർത്തിയിടേണ്ടതാണ്.
- ഇരു വശത്തേക്കും ഒന്നിലധികം വരികളുള്ള റോഡുകളിൽ സ്റ്റോപ്പ് സൈൻ ഉയർത്തിയിട്ടുള്ള സ്കൂൾ ബസുകൾക്ക് അഞ്ച് മീറ്റർ പരിധിയിൽ വരുന്ന അതേ ദിശയിൽ തന്നെ സഞ്ചരിക്കുന്ന വാഹനങ്ങൾ നിർത്തിയിടേണ്ടതാണ്.
സ്കൂൾ ബസുകളിലെ സ്റ്റോപ്പ് സിഗ്നൽ കർശനമായി പാലിക്കുന്ന ഡ്രൈവർമാരുടെ എണ്ണം ഏറെ വർധിച്ചതായി അബുദാബി പോലീസ് 2022 സെപ്റ്റംബർ 14-ന് ചൂണ്ടിക്കാട്ടിയിരുന്നു.
സ്കൂൾ ബസുകളിലെ സ്റ്റോപ്പ് സൈൻ കണക്കിലെടുക്കാതെ വാഹനങ്ങൾ ഓടിക്കുന്ന ഡ്രൈവർമാരെ കണ്ടെത്തുന്നതിനായി 2021-ൽ ഇത്തരം ബസുകളിൽ അബുദാബി പോലീസ് ഒരു പ്രത്യേക റഡാർ സംവിധാനം ഏർപ്പെടുത്തിയിരുന്നു.
Cover Image: WAM.