എമിറേറ്റിലെ റോഡുകളിൽ മതിയായ കാരണങ്ങൾ കൂടാതെ വാഹനങ്ങൾ നിർത്തിയിടരുതെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി. 2023 നവംബർ 17-നാണ് അബുദാബി പോലീസ് ഈ അറിയിപ്പ് ആവർത്തിച്ചത്.
ഇത്തരത്തിൽ റോഡിൽ വാഹനങ്ങൾ നിർത്തിയിടുന്നത് ട്രാഫിക് പിഴ ഉൾപ്പടെയുള്ള നിയമനടപടികളിലേക്ക് നയിക്കുമെന്ന് പോലീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
എമിറേറ്റിലെ റോഡുകളിൽ നിസ്സാരമായ ട്രാഫിക് അപകടങ്ങളിൽ പെടുന്ന വാഹനങ്ങൾ, ബ്രേക്ക്ഡൗൺ ആകുന്ന വാഹനങ്ങൾ, ടയർ പൊട്ടിയ വാഹനങ്ങൾ എന്നിവ പെട്ടന്ന് തന്നെ റോഡിൽ നിന്ന് നീക്കം ചെയ്യണമെന്ന് അബുദാബി പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം വാഹനങ്ങൾ റോഡുകളിൽ നിന്ന് തൊട്ടരികിലുള്ള സുരക്ഷിതമായ സ്ഥാനത്തേക്ക് ഉടൻ തന്നെ നീക്കം ചെയ്യണമെന്നും, മറ്റു വാഹനങ്ങൾക്ക് തടസം ഉണ്ടാക്കുന്ന രീതിയിൽ റോഡിൽ വാഹനം നിർത്തിയിടരുതെന്നും പോലീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
റോഡിലെ ഗതാഗതം സുഗമമായി തുടരുന്നതിന് ഇത് വളരെ പ്രധാനമാണെന്ന് പോലീസ് ചൂണ്ടിക്കാട്ടി. ഇത്തരം സാഹചര്യങ്ങളിൽ ഡ്രൈവർമാർ അബുദാബി പോലീസ് കമാൻഡ് ആൻഡ് കണ്ട്രോൾ സെന്ററിന്റെ സഹായം തേടുന്നത് ട്രാഫിക് തടസം ഒഴിവാക്കുന്നതിനും, അപകടം നടന്ന സ്ഥലത്തെ തടസങ്ങൾ നീക്കം ചെയ്യുന്നതിനും സഹായകമാകുമെന്ന് പോലീസ് വ്യക്തമാക്കി.
ചെറിയ അപകടങ്ങളിൽ വാഹനം റോഡിൽ നിന്ന് നീക്കം ചെയ്യുന്നത് അപകടകാരണം കണ്ടെത്തുന്നതിനുള്ള അന്വേഷണനടപടികൾക്ക് തടസ്സമാകില്ലെന്ന് അധികൃതർ വ്യക്തമാക്കി. മതിയായ കാരണങ്ങൾ കൂടാതെ റോഡിൽ വാഹനങ്ങൾ നിർത്തിയിടുന്നവർക്ക് 1000 ദിർഹം പിഴ, ആറ് ബ്ലാക്ക് പോയിന്റുകൾ എന്നിവ ചുമത്തുമെന്നും പോലീസ് കൂട്ടിച്ചേർത്തു.
Cover Image: Abu Dhabi Police.