അബുദാബി: പ്രധാന റോഡുകളിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾ പുലർത്തേണ്ട സുരക്ഷാ നിബന്ധനകൾ സംബന്ധിച്ച അറിയിപ്പ്

featured GCC News

ട്രാഫിക് അപകടങ്ങൾ ഒഴിവാക്കുന്നതിനായി, ചെറിയ തെരുവുകളിൽ നിന്ന് എമിറേറ്റിലെ പ്രധാന റോഡുകളിലേക്ക് പ്രവേശിക്കുന്ന അവസരത്തിൽ വാഹനങ്ങൾ ശ്രദ്ധയോടെ ഡ്രൈവ് ചെയ്യാൻ അബുദാബി പോലീസ് ഡ്രൈവർമാരോട് ആഹ്വാനം ചെയ്തു. പ്രധാന റോഡുകളിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾ പുലർത്തേണ്ട സുരക്ഷാ നിബന്ധനകൾ പോലീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

2022 ജനുവരി 4-നാണ് അബുദാബി പോലീസ് ഇത്തരം ഒരു അറിയിപ്പ് നൽകിയത്. ചെറിയ തെരുവുകളിൽ നിന്ന് എമിറേറ്റിലെ പ്രധാന റോഡുകളിലേക്ക് പ്രവേശിക്കുന്ന അവസരത്തിൽ ഡ്രൈവർമാർ താഴെ പറയുന്ന സുരക്ഷാ നിബന്ധനകൾ പാലിക്കാൻ അബുദാബി പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്:

  • ജംഗ്ഷനുകളിലേക്ക് എത്തുന്ന അവസരത്തിൽ വാഹനത്തിന്റെ വേഗത കുറയ്‌ക്കേണ്ടതാണ്.
  • ജംഗ്ഷനുകളിലേക്ക് എത്തുന്ന അവസരത്തിൽ, വാഹനം തിരിയാൻ ഉദ്ദേശിക്കുന്ന ദിശ മറ്റു ഡ്രൈവർമാരെ അറിയിക്കുന്നതിനായി, വാഹനത്തിന്റെ ഇൻഡിക്കേറ്റർ ലൈറ്റുകൾ കൃത്യമായി പ്രവർത്തിപ്പിക്കേണ്ടതാണ്.
  • പ്രവേശിക്കാൻ ഉദ്ദേശിക്കുന്ന റോഡിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് മുൻഗണന കൊടുത്ത് കൊണ്ടായിരിക്കണം വാഹനം ഡ്രൈവ് ചെയ്യേണ്ടത്.
  • റോഡിലേക്ക് പ്രവേശിക്കുന്നതിന് മുൻപായി റോഡിൽ മറ്റു വാഹനങ്ങൾ ഇല്ലാ എന്ന് ഉറപ്പ് വരുത്തേണ്ടതാണ്.
  • ജംഗ്ഷനിലെത്തുന്ന നിങ്ങളുടെ വാഹനത്തിന് മുൻപിലായി മറ്റൊരു വാഹനം ഉണ്ടെങ്കിൽ, ആ വാഹനം പ്രധാന റോഡിലേക്ക് സുരക്ഷിതമായി പ്രവേശിക്കുന്നത് വരെ കാത്ത് നിൽക്കേണ്ടതാണ്. മുൻപിലുള്ള വാഹനം പ്രധാന റോഡിലേക്ക് പ്രവേശിച്ച ശേഷം, നിങ്ങൾ പ്രവേശിക്കാനുദ്ദേശിക്കുന്ന റോഡിൽ അപകടകരമായ രീതിയിൽ മറ്റു വാഹനങ്ങൾ ഇല്ലാ എന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രം ഡ്രൈവ് ചെയ്യേണ്ടതാണ്.