അബുദാബി: ടോൾ ഒഴിവാക്കുന്നതിനായി തെറ്റായ ഡ്രൈവിംഗ് ശീലങ്ങൾ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പ്

featured GCC News

ഡാർബ് ടോൾ ഒഴിവാക്കുന്നതിനായി തെറ്റായ ഡ്രൈവിംഗ് ശീലങ്ങൾ ഉപയോഗിക്കുന്നവർക്ക് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി. 2025 ജൂൺ 27-നാണ് അബുദാബി പോലീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ടോൾ ഒഴിവാക്കുന്നതിനായി നിയമലംഘനങ്ങൾ നടത്തുന്നവരെ നിരീക്ഷണകാമറകളിലൂടെ കണ്ടെത്തി പിഴ ചുമത്തുമെന്ന് അബുദാബി പോലീസ് അധികൃതർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഡാർബ് ടോൾ ഒഴിവാക്കുന്നതിനായി ടോൾ ഗേറ്റുകൾക്ക് സമീപം റോഡരികുകളിൽ കാരണമില്ലാതെ വാഹനങ്ങൾ നിർത്തിയിടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. അടിയന്തിര സാഹചര്യങ്ങളിൽ മാത്രമാണ് റോഡരികുകളിൽ വാഹനങ്ങൾ നിർത്താൻ അനുമതിയുള്ളതെന്നും, ടോൾ ഒഴിവാക്കുന്നതിനായി ഇത് ചെയ്യുന്നത് നിയമലംഘനമാണെന്നും പോലീസ് കൂട്ടിച്ചേർത്തു.

ഇത് തെളിയിക്കുന്ന വീഡിയോ ദൃശ്യങ്ങളും പോലീസ് ഈ അറിയിപ്പിനൊപ്പം പുറത്ത് വിട്ടിട്ടുണ്ട്. ടോൾ ഒഴിവാക്കിയിട്ടുള്ള സമയം ആകുന്നതിന് വേണ്ടി ടോൾ ഗേറ്റുകൾക്ക് സമീപം റോഡരികുകളിൽ ഏതാനം വാഹനങ്ങൾ നിർത്തിയിട്ട് കാത്ത് കിടക്കുന്നത് ഈ വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്.

ഈ ഡ്രൈവിംഗ് ശീലം അപകടങ്ങൾക്കിടയാക്കുമെന്ന് പോലീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. റോഡിരികിൽ പാർക്ക് ചെയ്യുന്നതിനായി ഇത്തരം വാഹനങ്ങൾ നടത്തുന്ന മറ്റ് നിയമലംഘനങ്ങളെക്കുറിച്ചും പോലീസ് അറിയിപ്പ് നൽകിയിട്ടുണ്ട്.

മുന്നറിയിപ്പില്ലാതെ ലെയിൻ മാറുക (1000 ദിർഹം പിഴ, 4 ബ്ലാക്ക്പോയിന്റുകൾ), മറ്റു വാഹനങ്ങൾക്ക് തടസമുണ്ടാക്കുക (500 ദിർഹം പിഴ), പൊതു ഗതാഗതത്തിനുള്ള വാഹനങ്ങൾക്ക് നിർത്തുന്നതിനുള്ള സ്റ്റോപ്പുകളിൽ സ്വകാര്യ വാഹനങ്ങൾ നിർത്തിയിടുക (400 ദിർഹം പിഴ) തുടങ്ങിയ നിയമലംഘനങ്ങളാണ് ഇതിന്റെ ഭാഗമായി പോലീസ് ചൂണ്ടിക്കാട്ടിയിട്ടുള്ളത്.