വ്യാജ ക്യൂ ആർ കോഡുകൾ സംബന്ധിച്ച മുന്നറിയിപ്പുമായി അബുദാബി പോലീസ്

featured GCC News

വ്യാജ ക്യൂ ആർ കോഡുകൾ സ്കാൻ ചെയ്യുന്നതിന്റെ അപകടങ്ങളെക്കുറിച്ച് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി. 2025 ഡിസംബർ 17-നാണ് അബുദാബി പോലീസ് ഇത്തരം ഒരു മുന്നറിയിപ്പ് നൽകിയത്.

പൊതുഇടങ്ങളിലും മറ്റും കാണുന്ന വ്യാജ ക്യൂ ആർ കോഡുകളെക്കുറിച്ച് ജാഗ്രത പുലർത്താൻ പൊതുജനങ്ങളോട് പോലീസ് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇത്തരം വ്യാജ ക്യൂ ആർ കോഡുകൾ സ്കാൻ ചെയ്യുന്ന അവസരത്തിൽ ഉപഭോക്താക്കൾ വ്യാജ വെബ്സൈറ്റുകളിലേക്കാണ് നയിക്കപ്പെടുന്നതെന്ന് പോലീസ് ചൂണ്ടിക്കാട്ടി.

ഏതാനം പൊതു ഇടങ്ങളിൽ ഇത്തരം വ്യാജ ക്യൂ ആർ കോഡ് സ്റ്റിക്കറുകൾ കണ്ടുവരുന്നതായി പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത്തരം ക്യൂ ആർ കോഡുകൾ സ്കാൻ ചെയ്യുന്നതിലൂടെ ഉപഭോക്താക്കൾ സൈബർ തട്ടിപ്പുകൾക്ക് ഇരയാകുന്നതിന് സാധ്യതയുണ്ടെന്ന് പോലീസ് ചൂണ്ടിക്കാട്ടി.

പൊതുഇടങ്ങളിലെ പേയ്‌മെന്റ് ഉപകരണങ്ങളിലും മറ്റും തട്ടിപ്പ് സംഘങ്ങൾ സ്ഥാപിക്കുന്ന വ്യാജ ക്യൂ ആർ കോഡുകൾ സ്കാൻ ചെയ്യുന്നത് പാസ്സ്‌വേർഡുകൾ, ബാങ്ക് വിവരങ്ങൾ എന്നിവ ഉൾപ്പടെയുള്ള സ്വകാര്യ വിവരങ്ങൾ മോഷ്ടിക്കപ്പെടുന്നതിലേക്ക് നയിക്കാമെന്ന് പോലീസ് കൂട്ടിച്ചേർത്തു. പണമിടപാടുകൾക്കായി ഔദ്യോഗിക ആപ്പുകൾ, സർക്കാർ സംവിധാനങ്ങൾ എന്നിവ ഉപയോഗിക്കാനും പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്.

പൊതു ഇടങ്ങളിലും, ചുമരുകളിലും കാണുന്ന ക്യൂ ആർ കോഡുകളുടെ സാധുത പരിശോധിച്ച് ഉറപ്പ് വരുത്താതെ അവ സ്കാൻ ചെയ്യരുതെന്ന് അബുദാബി പോലീസ് പൊതുജനങ്ങളോട് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇവ സ്കാൻ ചെയ്ത ശേഷം വരുന്ന അക്കൗണ്ട് ഉടമയുടെ പേര് കൃത്യമായി വിശകലനം ചെയ്യാനും, ഇതിന് ശേഷം മാത്രം പണമിടപാടുകൾ നടത്താനും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.