അബുദാബി നഗരപരിധിയിലെ റോഡുകളിൽ ഏറ്റവും തിരക്കേറിയ സമയങ്ങളിൽ ഭാരമേറിയ വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി. ട്വിറ്ററിലൂടെയാണ് അബുദാബി പോലീസ് ഇക്കാര്യം അറിയിച്ചത്.
ഇത്തരം വാഹനങ്ങൾക്ക് 1000 ദിർഹം പിഴയായി ചുമത്തുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പുറമെ, ഇത്തരം വാഹനങ്ങൾക്ക് 4 ട്രാഫിക് ബ്ലാക്ക് പോയിന്റുകൾ ചുമത്തുമെന്നും അബുദാബി പോലീസ് കൂട്ടിച്ചേർത്തു.
എമിറേറ്റിലെ അബുദാബി നഗരപരിധി, അൽ ഐൻ നഗരപരിധി, മറ്റു നഗരപരിസരങ്ങൾ തുടങ്ങിയ ഇടങ്ങളിലെ റോഡുകളിൽ ഈ നിയന്ത്രണം ബാധകമാക്കിയിട്ടുണ്ട്. താഴെ പറയുന്ന സമയങ്ങളിലാണ് ഈ നിയന്ത്രണം ബാധകമാക്കുന്നത്:
- അബുദാബി നഗരപരിധി – രാവിലെ 6:30 മുതൽ 9:00 മണിവരെയും, വൈകീട്ട് 3:00 മുതൽ 6:00 മണിവരെയുമുള്ള സമയമാണ് ഏറ്റവും തിരക്കേറിയതായി കണക്കാക്കുന്നത്.
- അൽ ഐൻ നഗരപരിധി – രാവിലെ 6:30 മുതൽ 8:30 മണിവരെയും, വൈകീട്ട് 2:00 മുതൽ 4:00 മണിവരെയും.