അബുദാബി: അശ്രദ്ധമായി ഡ്രൈവ് ചെയ്യുന്നവർക്ക് പോലീസ് മുന്നറിയിപ്പ് നൽകി

featured GCC News

എമിറേറ്റിലെ റോഡുകളിൽ അശ്രദ്ധ കൊണ്ടും, മറ്റു കാരണങ്ങൾ കൊണ്ടും ട്രാഫിക്ക് സിഗ്നലുകളിൽ റെഡ് ലൈറ്റ് പാലിക്കാതിരിക്കുന്നവർക്ക് കനത്ത പിഴ ചുമത്തുമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി. ട്രാഫിക് ലൈറ്റ് സിഗ്നൽ മറികടന്ന് കൊണ്ട് അശ്രദ്ധമായി വാഹനം ഓടിക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ചുള്ള ഒരു വീഡിയോ ദൃശ്യം പങ്ക് വെച്ച് കൊണ്ടാണ് അബുദാബി പോലീസ് ഇക്കാര്യം അറിയിച്ചത്.

ട്രാഫിക് സിഗ്നലുകളിൽ റെഡ് ലൈറ്റ് തെളിയുന്ന അവസരത്തിൽ അവ മറികടന്ന് കൊണ്ടുള്ള അശ്രദ്ധമായ ഡ്രൈവിംഗ് ശീലങ്ങൾ അപകടങ്ങളിലേക്ക് നയിക്കാമെന്നും പോലീസ് പൊതുസമൂഹത്തെ ഓർമ്മപ്പെടുത്തി.

ട്രാഫിക് സിഗ്നലുകളിൽ റെഡ് ലൈറ്റ് ലംഘിക്കുന്ന വാഹനങ്ങൾക്കെതിരെ അബുദാബിയിലെ വാഹനങ്ങൾ പിടിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട ‘2020/ 5’ എന്ന നിയമപ്രകാരമാണ് നടപടികൾ കൈക്കൊള്ളുന്നത്. ട്രാഫിക് സിഗ്നലുകളിൽ റെഡ് ലൈറ്റ് ലംഘിക്കുന്ന വാഹനങ്ങൾക്ക് 1000 ദിർഹം പിഴയും, 12 ട്രാഫിക്ക് ബ്ലാക് പോയിന്റുകളും ചുമത്തുന്നതാണ്. ഇത്തരം വ്യക്തികളുടെ ലൈസൻസ് ആറ് മാസത്തേക്ക് റദ്ദ് ചെയ്യുന്നതാണ്.

ഇതിന് പുറമെ, ഇത്തരം വാഹനങ്ങൾ പോലീസ് പിടിച്ചെടുക്കുന്നതാണ്. ഇത്തരത്തിൽ പിടിച്ചെടുക്കപ്പെടുന്ന വാഹനങ്ങൾ വിട്ടുകിട്ടുന്നതിന് 50000 ദിർഹം ഈടാക്കുന്നതാണ്. ഈ ഫീസ് അടയ്ക്കുന്നത് വരെ വാഹനം വിട്ടു കൊടുക്കുന്നതല്ല. പരമാവധി മൂന്ന് മാസത്തിനുള്ളിൽ ഈ തുക അടച്ച് തിരികെ കൈപ്പറ്റാത്ത വാഹനങ്ങൾ ലേലം ചെയ്യുന്നതാണ്.

അമിതവേഗം, അശ്രദ്ധ, മൊബൈൽ ഫോണിന്റെ ഉപയോഗം എന്നിങ്ങിനെ മൂന്ന് പ്രധാന കാരണങ്ങളാണ്, നാല്‍ക്കവലകളിലും മറ്റും ട്രാഫിക്ക് സിഗ്നലുകളിൽ റെഡ് ലൈറ്റ് ലംഘിച്ച് വാഹനമോടിക്കുന്നതിലേക്ക് നയിക്കുന്നതെന്ന് ADP നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. ഡ്രൈവിങ്ങിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുക, ഇന്റർനെറ്റ് ഉപയോഗിക്കുക, സമൂഹ മാധ്യമങ്ങളിലെ സന്ദേശങ്ങളിൽ ശ്രദ്ധചെലുത്തുക തുടങ്ങിയ ശീലങ്ങൾ ട്രാഫിക്ക് സിഗ്നലുകളിൽ റെഡ് ലൈറ്റ് ലംഘിച്ച് വാഹനമോടിക്കുന്നതിലേക്കും, റോഡപകടങ്ങളിലേക്കും നയിക്കാമെന്ന് പോലീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

എമിറേറ്റിലെ റോഡുകളിൽ വാഹനങ്ങൾ അശ്രദ്ധമായി ഡ്രൈവ് ചെയ്യുന്നവർക്ക് 800 ദിർഹം പിഴ ചുമത്തുന്നതാണ്.