എമിറേറ്റിൽ വാഹനങ്ങളുടെ വിൽപ്പനയുമായി ബന്ധപ്പെട്ട് നടക്കുന്ന വ്യാജ ബാങ്ക് ട്രാൻസ്‌ഫർ തട്ടിപ്പിനെക്കുറിച്ച് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.
വാഹനങ്ങൾ വാങ്ങുന്നതിനായി വ്യക്തികളുമായി ബന്ധപ്പെടുന്ന ഇത്തരം തട്ടിപ്പുകാർ, ബാങ്കിൽ നിന്നുള്ള പണം ഉടൻ തന്നെ വാഹന ഉടമയുടെ അക്കൗണ്ടില്ലേക്ക് വരുമെന്ന് വിശ്വസിപ്പിച്ച് കൊണ്ട് വ്യാജ ബാങ്ക് ട്രാൻസാക്ഷൻ രേഖകൾ നൽകി വാഹനം കൈക്കലാക്കി വഞ്ചിക്കുന്ന രീതിയിലാണ് ഈ തട്ടിപ്പ് നടക്കുന്നതെന്ന് പോലീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
വാഹനങ്ങൾ വിൽക്കുന്നതിനായി പരസ്യം നൽകുന്ന വ്യക്തികൾ ജാഗ്രത പുലർത്തണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ തട്ടിപ്പിന്റെ രീതി പോലീസ് വിശദീകരിച്ചിട്ടുണ്ട്.
തട്ടിപ്പ് നടത്തുന്ന വ്യക്തിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് വാഹനം വിൽക്കുന്ന വ്യക്തിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് പറഞ്ഞുറപ്പിച്ച തുക കൈമാറ്റം ചെയ്തതായി തെളിയിക്കുന്ന ഔദ്യോഗിക രേഖകളുടെ അതേ രൂപത്തിലുള്ള വ്യാജ ബാങ്ക് ട്രാൻസാക്ഷൻ രേഖകൾ കൈമാറുന്ന തട്ടിപ്പുകാർ ഇത്തരം കൈമാറ്റത്തിനായി സാധാരണയായി ഒരു പൊതു അവധിദിനമാണ് തിരഞ്ഞെടുക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി.
തുടർന്ന് ഇവർ വാഹന ഉടമകളെ ഈ വ്യാജ രേഖ ഉപയോഗിച്ച് കൊണ്ട് പണം ട്രാൻസ്‌ഫർ ചെയ്തതായും, അവധിദിനങ്ങളായതിനാൽ ഈ പണം ബാങ്ക് അതിന്റെ അടുത്ത പ്രവർത്തിദിനം ആരംഭിക്കുന്നതോടെ വാഹനഉടമയുടെ ബാങ്ക് അക്കൗണ്ടിൽ എത്തിച്ചേരുമെന്ന് വിശ്വസിപ്പിക്കുകയും ചെയ്യുന്നു. ഇതിന് കൂടുതൽ വിശ്വാസ്യത വരുത്തുന്നതിനായി ഒരു വ്യാജ ചെക്ക് കൂടി തട്ടിപ്പുകാർ വാഹനഉടമയ്ക്ക് കൈമാറുന്നു.
ഇതിന് ശേഷം ഇവർ വാഹനഉടമയിൽ നിന്ന് വാഹനത്തിന്റെ ഉടമസ്ഥാവകാശം കൈമാറുന്നതിനുള്ള രേഖകൾ കരസ്ഥമാക്കുകയും, ടെസ്റ്റ് ഡ്രൈവ് എന്ന പേരിൽ വാഹനം കൈക്കലാക്കി കൊണ്ട് മുങ്ങുകയും ചെയ്യുകയാണ് പതിവെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. വാഹനഉടമയ്ക്ക് ലഭിക്കാനുള്ള പണം, വാഹനം എന്നിവ നഷ്ടപ്പെടുന്ന ഈ തട്ടിപ്പിന് ഇരയാകാതിരിക്കുന്നതിനായി അതീവ ജാഗ്രത പുലർത്താൻ അബുദാബി പോലീസ് ആഹ്വാനം ചെയ്തിട്ടുണ്ട്.
വാഹനം കൈമാറ്റം ചെയ്യുന്നതിനുള്ള നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് മുൻപും, പറഞ്ഞുറപ്പിച്ച തുക പൂർണ്ണമായും വാഹന ഉടമയുടെ കൈവശം വന്ന് ചേരുന്നതിന് മുൻപായും ഒരു കാരണവശാലും വാഹനങ്ങൾ ആർക്കും കൈമാറരുതെന്ന് പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്. ഇത്തരം തട്ടിപ്പുകൾക്കിരയാകുന്നവർ അക്കാര്യം ഉടൻ തന്നെ പോലീസിൽ അറിയിക്കേണ്ടതാണ്.
Cover Image: Pixabay.