അപകടങ്ങൾ നടക്കുന്ന ഇടങ്ങളിൽ കൂട്ടം ചേർന്ന് നിൽക്കുന്നവർക്ക് 1000 ദിർഹം പിഴ ചുമത്തുമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ്

featured UAE

എമിറേറ്റിൽ അപകടങ്ങൾ നടക്കുന്ന ഇടങ്ങളിൽ കാഴ്ച്ചക്കാരായി കൂട്ടം ചേർന്ന് നിൽക്കുന്നവർക്ക് മുന്നറിയിപ്പുമായി അബുദാബി പോലീസ്. റോഡപകടങ്ങളും മറ്റും നടക്കുന്ന ഇടങ്ങളിലും, തീപിടുത്തം പോലുള്ള അപകടങ്ങൾ നടക്കുന്ന ഇടങ്ങളിലും കാഴ്ച്ചക്കാരായി കൂട്ടം ചേർന്ന് നിൽക്കുന്നവർ സ്വന്തം ജീവൻ അപകടത്തിലാക്കുകയാണെന്നും, അപകടങ്ങളിൽ പെടുന്നവർക്ക് സഹായമെത്തിക്കുന്ന പ്രവർത്തിയിലേർപ്പെടുന്നവരെ തടസപ്പെടുത്തുകയാണെന്നും പോലീസ് ജനങ്ങളെ ഓർമ്മപ്പെടുത്തി.

അപകടങ്ങൾ നടക്കുന്ന ഇടങ്ങളിൽ കൂട്ടം ചേർന്ന് നിൽക്കുന്നതിലൂടെ ട്രാഫിക് തടസങ്ങൾ സൃഷ്ടിക്കുന്നവർക്കെതിരെ ഫെഡറൽ ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ 74 പ്രകാരം 1000 ദിർഹം പിഴ ചുമത്തുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. മെയ് 19-നാണ് അബുദാബി പോലീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

റോഡപകടങ്ങൾ നടക്കുന്ന ഇടങ്ങൾ, കെട്ടിടങ്ങളിലും മറ്റും തീപിടുത്തം ഉണ്ടാകുന്ന ഇടങ്ങൾ, മറ്റു അപകട സാഹചര്യങ്ങൾ ഉണ്ടാകുന്ന ഇടങ്ങൾ എന്നിവിടങ്ങളിൽ കൂട്ടം ചേർന്ന് നിൽക്കുന്നത് അടിയന്തിര സഹായം എത്തിക്കുന്ന പാരാമെഡിക്‌സ്, സിവിൽ ഡിഫൻസ്, പോലീസ്, റെസ്ക്യൂ തുടങ്ങിയ വിഭാഗങ്ങളുടെ വാഹനങ്ങൾക്ക് തടസം ഉണ്ടാക്കുമെന്നും, ഇത്തരം ഇടങ്ങളിലേക്ക് എത്രയും പെട്ടന്ന് എത്തിച്ചേരുന്നതിൽ നിന്ന് ഇത്തരം വിഭാഗങ്ങളെ തടയുന്നതിന് തുല്യമാണിതെന്നും പോലീസ് ഓർമ്മപ്പെടുത്തി. അടിയന്തിര രക്ഷാ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരുടെ ശ്രദ്ധ വ്യതിചലിപ്പിക്കുന്നതിന് ഇത്തരം പ്രവർത്തനങ്ങൾ കാരണമാകുമെന്നും പോലീസ് കൂട്ടിച്ചേർത്തു.

Cover Image: Abu Dhabi Police.