പ്രവാസികളുടെ ഇന്ത്യയിലേക്കുള്ള മടക്കയാത്രയെ സംബന്ധിച്ച് ഒമാനിലെ ഇന്ത്യൻ എംബസ്സി ഏപ്രിൽ 15-നു അറിയിപ്പ് പുറത്തിറക്കി. ഇത് പ്രകാരം ഇന്ത്യയിലെ നിലവിലെ ലോക്ക് ഡൌൺ സാഹചര്യം കണക്കിലെടുത്ത് മെയ് 3 വരെ സാധാരണ നിലയിലുള്ള വിമാന സർവീസുകൾ ഉണ്ടാകുന്നതല്ല എന്ന് അറിയിച്ചിട്ടുണ്ട്.
ഒമാനിലെ ഇന്ത്യാക്കാരോട് കൊറോണാ പ്രതിരോധത്തിന്റെ ഭാഗമായി ഒമാൻ അധികൃതർ നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കാനും, താമസയിടങ്ങളിൽ തുടരാനും എംബസ്സി അഭ്യർത്ഥിച്ചിട്ടുണ്ട്.
കേന്ദ്ര സർക്കാർ പ്രവാസികളുടെ മടങ്ങി വരവുമായി ബന്ധപ്പെട്ട് തീരുമാനങ്ങൾ കൈകൊള്ളുന്നതിനനുസരിച്ച് ഒമാനിലെ ഇന്ത്യാക്കാർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ കൈമാറുമെന്നും എംബസ്സി അധികൃതർ അറിയിച്ചു. സർവീസുകൾ ആരംഭിക്കുന്നതിനനുസരിച്ച് നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ഒമാനിലെ ഇന്ത്യാക്കാർക്ക് അവരുടെ വിവരങ്ങൾ താഴെ കൊടുത്തിട്ടുള്ള ലിങ്ക് വഴി ഓൺലൈനിലൂടെ എംബസിയുമായി പങ്കുവെക്കാവുന്നതാണ്.
https://docs.google.com/forms/d/e/1FAIpQLSe5f6iMNMfovllq_6q0BRao8MAXKzcnzCfCnWc9ZVLtvBLfKA/viewform
ഒമാനിൽ നിന്ന് മടങ്ങാൻ ആഗ്രഹിക്കുന്നവരുടെ വിവരശേഖരണത്തിനു മാത്രമായാണ് ഈ സംവിധാനമെന്നും എംബസ്സി അധികൃതർ ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്.