ലോകത്തിലെ ഏറ്റവും വലുതും, ഉയരമേറിയതുമായ നിരീക്ഷണ ചക്രമായ ഐൻ ദുബായ് 2021 ഒക്ടോബർ 21, വ്യാഴാഴ്ച്ച മുതൽ സന്ദർശകർക്കായി തുറന്ന് കൊടുത്തു. ദുബായ് മീഡിയ കൗൺസിൽ ചെയർമാൻ H.H. ഷെയ്ഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.
ധനകാര്യ സഹമന്ത്രി H.E. മുഹമ്മദ് ഹാദി അൽ ഹുസൈനി ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. ദുബായ് ഹോൾഡിംഗാണ് ലോകത്തിന്റെ ഭാവനയെ പിടിച്ചടക്കിയ ആത്യന്തിക ആഘോഷ കേന്ദ്രമായ ഐൻ ദുബായ് നിർമ്മിച്ചിരിക്കുന്നത്.
ജീവിതശൈലി, ടൂറിസം എന്നീ മേഖലകളുടെ പുരോഗതിക്കായി ദുബായ് മുന്നോട്ട് വെക്കുന്ന പ്രതിബദ്ധത H.H. ഷെയ്ഖ് അഹമ്മദ് ബിൻ മുഹമ്മദ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഒബ്‌സർവേഷൻ വീലായ ഐൻ ദുബായുടെ ഉദ്ഘാടനം നിർവഹിച്ച് കൊണ്ട് ചൂണ്ടിക്കാട്ടി. ദുബായ് ഹോൾഡിംഗ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അമിത് കൗശൽ, ഗ്രൂപ്പിലെ പ്രധാന മുതിർന്ന പ്രതിനിധികൾ എന്നിവർ H.H. ഷെയ്ഖ് അഹമ്മദ് ബിൻ മുഹമ്മദിനെ സ്വാഗതം ചെയ്തു.
ദുബായ് ടൂറിസം, വാണിജ്യ വിപണന വകുപ്പ് (DTCM) ഡയറക്ടർ ജനറൽ H.E. ഹെലാൽ സയീദ് അൽ മറി, ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ H.E. ദാവൂദ് അൽ ഹജ്‌രി എന്നിവർ ഉദ്‌ഘാടനത്തിൽ പങ്കെടുത്തു.
ഉദ്‌ഘാടനത്തിന്റെ ഭാഗമായി ഐൻ ദുബായ് ഒബ്‌സർവേഷൻ വീലിന്റെ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങൾ രേഖപ്പെടുത്തുന്ന ഒരു ഹ്രസ്വചിത്രം H.H. ഷെയ്ഖ് അഹമ്മദ് ബിൻ മുഹമ്മദിനു മുൻപിൽ പ്രദർശിപ്പിച്ചു. ഏതാണ്ട് ഒമ്പത് ദശലക്ഷം മനുഷ്യ മണിക്കൂർ എടുത്താണ് ഐൻ ദുബായ് നിർമ്മിച്ചത്.
സന്ദർശകർക്കായി ദുബായിയുടെ 360 ഡിഗ്രി കാഴ്ചകൾ ഒരുക്കുന്ന ഐൻ ദുബായിലെ നിരീക്ഷണ ക്യാബിനുകൾ ഷെയ്ഖ് അഹമ്മദ് ബിൻ മുഹമ്മദ് സന്ദർശിച്ചു. ലോകത്തിലെ ഏറ്റവും വലിയ രണ്ട് ക്രെയിനുകൾ ഉപയോഗിച്ചാണ് ഐൻ ദുബായിലെ പ്രധാന ഘടകങ്ങൾ കൂട്ടിച്ചേർത്തത്. ഇതിന്റെ നിർമ്മാണത്തിനായി 11200 ടൺ സ്റ്റീൽ ഉപയോഗിച്ചിട്ടുണ്ട്.
48 പാസഞ്ചർ ക്യാബിനുകളിലായി ഒരേസമയം 1750 ൽ അധികം സന്ദർശകരെ വഹിക്കാവുന്ന രീതിയിലാണ് 250 മീറ്ററിലധികം ഉയരമുള്ള ഈ നിരീക്ഷണ ചക്രം നിർമ്മിച്ചിരിക്കുന്നത്. ഐൻ ദുബായുടെ ഒരു പൂർണ്ണ ഭ്രമണത്തിന് 38 മിനിറ്റ് എടുക്കുന്നതാണ്.
WAM