യാത്രികർക്ക് സൗജന്യ COVID-19 ഇൻഷുറൻസ് പരിരക്ഷയുമായി എയർ അറേബ്യ

UAE

തങ്ങളുടെ വ്യോമയാന സേവനങ്ങൾ ഉപയോഗിച്ച് കൊണ്ട് ഷാർജ, അബുദാബി എന്നിവിടങ്ങളിൽ നിന്ന് യാത്ര ചെയ്യുന്നവർക്ക്, യാത്രയ്ക്കിടയിൽ COVID-19 രോഗബാധിതരാകുന്ന സാഹചര്യത്തിൽ ആവശ്യമായിവരുന്ന ചികിത്സകളുടെയും, ക്വാറന്റീൻ നടപടികളുടെയും ചെലവുകൾക്ക് സൗജന്യ ഇൻഷുറൻസ് പരിരക്ഷ നൽകുമെന്ന് എയർ അറേബ്യ അറിയിച്ചു. ഷാർജ, അബുദാബി എന്നിവിടങ്ങളിൽ നിന്നുള്ള എയർ അറേബ്യയുടെ ആഗോളതലത്തിലുള്ള എല്ലാ ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള യാത്രകൾക്കും ഈ പരിരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

എയർ അറേബ്യയുടെ ഓരോ ടിക്കറ്റുകളിലും ഈ പരിരക്ഷ സ്വയമേവ ഉൾപ്പെടുന്നതാണെന്നും, ഇതിനായി യാത്രികർ പ്രത്യേകിച്ച് മറ്റു രേഖകളൊന്നും നൽകേണ്ടതില്ലെന്നും അറിയിപ്പിൽ പറയുന്നു. യാത്രാ തീയതി മുതൽ 31 ദിവസത്തേക്കാണ് ഈ പരിരക്ഷ നൽകുന്നത്. ഈ പദ്ധതി പ്രകാരം യാത്രാ വേളയിൽ COVID-19 രോഗബാധിതരാകുന്ന യാത്രികർക്ക് 20000 യു എസ് ഡോളർ വരെയുള്ള ചികിത്സാ ചെലവുകളും, 14 ദിവസത്തെ ക്വാറന്റീനിനായി, ദിനവും 50 യു എസ് ഡോളർ വരെയും പരിരക്ഷയ്ക്ക് അർഹത ഉണ്ടായിരിക്കും. PCR പരിശോധനകൾക്ക് വേണ്ടിവരുന്ന ചെലവുകൾ ഈ പരിരക്ഷയിൽ ഉൾപ്പെടുത്തിയിട്ടില്ല.

എയർ അറേബ്യയിൽ നിന്ന് നേരിട്ട് ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്കും, ഏജന്റുമാരിൽ നിന്നോ, മറ്റു യാത്രാ സേവനദാതാക്കളിലൂടെയോ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്കും ഈ പരിരക്ഷ ലഭിക്കുന്നതാണ്. യാത്രികർക്ക് എയർ അറേബ്യ സേവനങ്ങൾ ഉപയോഗപ്പെടുത്തുന്നതിൽ ആത്മവിശ്വാസം ഉയർത്തുന്നതിനായാണ് ഇത്തരം ഒരു തീരുമാനമെന്നും, തങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുന്ന യാത്രികർക്ക് മികച്ച സേവനങ്ങൾ നൽകുന്നതിനുള്ള പ്രതിബദ്ധതയുടെ ഭാഗമാണ് ഈ തീരുമാനമെന്നും എയർ അറേബ്യ CEO ആദിൽ അൽ അലി അറിയിച്ചു.

യാത്ര വേളയിൽ COVID-19 രോഗബാധിതരാകുന്നവർ ഈ പരിരക്ഷ നേടുന്നതിനായി ഉടൻ തന്നെ +971 4 5646990 അല്ലെങ്കിൽ +66 65 121 2025 (WhatsApp) എന്നീ നമ്പറിലൂടെ 24 മണിക്കൂറും പ്രവർത്തിക്കുന്ന എയർ അറേബ്യ COVID-19 ഗ്ലോബൽ അസ്സിസ്റ്റൻസ് ടീമുമായി ബന്ധപ്പെടേണ്ടതാണ്. covid19assistance@tuneprotect.com എന്ന ഇമെയിൽ വിലാസത്തിലും ഈ സേവനത്തിനായി ബന്ധപ്പെടാവുന്നതാണ്. കൂടുതൽ വിവരങ്ങൾ https://www.airarabia.com/en/covid-19-global-assistance-cover എന്ന വിലാസത്തിൽ ലഭ്യമാണ്.

എമിറേറ്റ്സ്, ഫ്ലൈദുബായ്, ഇത്തിഹാദ് തുടങ്ങിയ വിമാനക്കമ്പനികളും തങ്ങളുടെ യാത്രികർക്ക് COVID-19 സൗജന്യ ചികിത്സാ പരിരക്ഷ പ്രഖ്യാപിച്ചിരുന്നു.

Cover Photo: @airarabiagroup