എമിറേറ്റിലെ ഹോട്ടലുകൾ, ഹാളുകൾ എന്നിവിടങ്ങളിൽ വെച്ച് നടത്തുന്ന വിവാഹ സത്കാര ചടങ്ങുകൾ, മറ്റു പരിപാടികൾ എന്നിവയ്ക്ക് 2021 ജൂൺ 1 മുതൽ അനുമതി നൽകാൻ തീരുമാനിച്ചതായി അജ്‌മാൻ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ ടീം അറിയിച്ചു. മെയ് 23-ന് വൈകീട്ടാണ് അധികൃതർ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ചടങ്ങുകളിലെത്തുന്ന അതിഥികളും, സംഘാടകരും ഉൾപ്പടെ മുഴുവൻ പേരുടെയും സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള കർശനമായ സുരക്ഷാ മുൻകരുതലുകളോടെയാണ് ഇത്തരം സാമൂഹിക പരിപാടികൾ പുനരാരംഭിക്കുന്നതിന് അജ്മാനിൽ അനുവാദം നൽകുന്നത്. ഹോട്ടലുകളിലും, ഹാളുകളിലും പരമാവധി 100 പേർക്കാണ് പങ്കെടുക്കാൻ അനുവാദമുള്ളത്.
വിവാഹ സത്കാര ചടങ്ങുകൾ, മറ്റു സാമൂഹിക ചടങ്ങുകൾ എന്നിവ സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അജ്‌മാൻ ജൂൺ 1 മുതൽ നടപ്പിലാക്കുന്ന നിബന്ധനകൾ:
- ഹോട്ടലുകളിലും, ഹാളുകളിലും മറ്റും നടത്തുന്ന ചടങ്ങുകളിൽ പരമാവധി 100 പേർക്കാണ് പങ്കെടുക്കാൻ അനുവാദമുള്ളത്.
- സത്കാര ചടങ്ങുകളിലെ മേശകളിൽ ഒരേ സമയം അഞ്ച് അതിഥികളിൽ കൂടുതൽ അനുവദിക്കരുത്. ഹോട്ടലുകൾ, ഹാളുകൾ എന്നിവിടങ്ങളെല്ലാം ഇത് ബാധകമാണ്.
- അതിഥികൾ തമ്മിൽ 2 മീറ്റർ എങ്കിലും അകലം ഉറപ്പാക്കേണ്ടതാണ്.
- ഇത്തരം ചടങ്ങുകളിൽ പങ്കെടുക്കുന്ന മുഴുവൻ അതിഥികളും, സംഘാടകരും, ജീവനക്കാരും COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയിരിക്കണം. ഇവർ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചതിന്റെ രേഖ ‘Al Hosn’ ആപ്പിൽ ഹാജരാക്കേണ്ടതാണ്.
Cover Photo: WAM