COVID-19: അജ്‌മാനിൽ സാമ്പത്തിക ഉത്തേജനത്തിനായി പ്രത്യേക പാക്കേജ്

Business

അജ്മാനിലെ ടൂറിസം, റിയൽ എസ്റ്റേറ്റ്, വിദേശ വ്യാപാരം തുടങ്ങിയ മേഖലകളിലെയും മറ്റ് വാണിജ്യ രംഗങ്ങളിലെയും സ്ഥാപനങ്ങളുടെ അടിയന്തിര സഹായത്തിനായി പുതിയ സാമ്പത്തിക ഉത്തേജന പാക്കേജിന് രൂപം നൽകി. ഏപ്രിൽ 8, ബുധനാഴ്ച്ചയാണ് ഈ പുതിയ സാമ്പത്തിക ഉത്തേജന നിർദ്ദേശങ്ങൾ അജ്മാനിലെ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് അമ്മാർ ബിൻ ഹുമൈദ് അൽ നുഐമി പ്രഖ്യാപിച്ചത്. അജ്മാനിൽ കൊറോണ വൈറസ് പ്രതിസന്ധികൾ മറികടക്കുന്നതിനായി നടപ്പിലാക്കുന്ന രണ്ടാമത്തെ ഉത്തേജന പാക്കേജാണിത്.

നിലവിലെ സാഹചര്യത്തിൽ സമൂഹത്തിന്റെ എല്ലാ തട്ടിലുള്ളവർക്കും ഒരുപോലെ സഹായം നൽകുന്നതിനാണ് അജ്‌മാൻ ലക്ഷ്യമിടുന്നതെന്നും, കൊറോണ വൈറസ് വ്യാപനത്തെത്തുടർന്ന് നിലവിലുള്ള സാമ്പത്തിക വിഷമതകളുടെ സാഹചര്യത്തിലും അജ്മാനിലെ പൊതു സമൂഹത്തിന്റെ വളർച്ച ഉറപ്പാക്കുന്നത്തിനുള്ള നടപടികൾ സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ പാക്കേജിന്റെ ഭാഗമായുള്ള നിർദ്ദേശങ്ങൾ:

  • കസ്റ്റംസ് തീരുവകൾ നൽകുന്നതിനായി സ്ഥാപനങ്ങൾക്ക് 90 ദിവസത്തെ സാവകാശം നൽകും.
  • വിദേശ വ്യാപാരങ്ങളിലേർപ്പെടുന്ന സ്ഥാപനങ്ങൾക്ക് കണ്ടെയ്‌നറുകൾ സൂക്ഷിക്കുന്നതിനുള്ള സംവിധാനങ്ങൾ 20 ദിവസത്തേക്ക് സൗജന്യമാക്കി.
  • 2020 ജൂൺ അവസാനം വരെ ഓരോ കണ്ടെയ്നറുകൾക്കുമുള്ള കണ്ടെയ്‌നർ ഇൻഷുറൻസ് തുക 50 ശതമാനം കുറച്ചു.
  • റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങളുടെ രെജിസ്ട്രേഷൻ സംബന്ധമായ പിഴതുകകൾ ഒഴിവാക്കി.
  • ഹോട്ടൽ, ടൂറിസം സ്ഥാപനങ്ങൾ എന്നിവയുടെ രെജിസ്ട്രേഷൻ തുക ഈ വർഷം അവസാനം വരെ ഒഴിവാക്കി.
  • ടൂറിസം മേഖലയിലെ സ്ഥാപനങ്ങളുടെ രെജിസ്ട്രേഷൻ പിഴതുകകൾ ഒഴിവാക്കി.
  • മറ്റ് എല്ലാ മേഖലകളിലെയും ബിസിനസ് സ്ഥാപനങ്ങളുടെ പിഴതുകകൾ ഒടുക്കുന്നതിനുള്ള കാലാവധി ഈ വർഷം അവസാനം വരെ നീട്ടി.