ചില സമയം ഉപഭോക്താക്കളും ചൂഷണം ചെയ്യുന്നു!

Business featured

വിഷയത്തിന്റെ തലക്കെട്ട് വായിക്കുമ്പോൾ തന്നെ ഒരൽപം സങ്കോചത്തോടെ വായനക്കാർ പറയുമായിരിക്കും, ഇങ്ങിനെയും ഉണ്ടോ എന്ന്? നാം എപ്പോഴും ഉപഭോക്‌തൃ സംരക്ഷണം/ നിയമം എന്നൊക്കെ പറയുന്നുണ്ടെങ്കിലും, കച്ചവടക്കാരുടെ സംരക്ഷണം/ നിയമം/ ആക്ട് എന്നൊന്നും ആരും പറയാറില്ല . ചില സന്ദർഭങ്ങളിൽ ചില കസ്റ്റമേഴ്സ് കച്ചവടക്കാരെ ചൂഷണം ചെയ്യുന്നില്ലേ? ‘കസ്റ്റമർ ഈസ് എ കിംഗ്’ എന്ന ആപ്ത വാക്യം മാനേജ്‌മന്റ് പുസ്തകത്തിൽ മാത്രം എഴുതി വാക്കാൻ വേണ്ടി മാത്രമാണോ? ഒന്ന് അവലോകനം ചെയ്തു നോക്കാം.

ബിസിനസ് അഥവാ കച്ചവടം എന്നാൽ വഴി വക്കിൽ നിന്ന് കച്ചവടം ചെയ്യുന്നവർ മുതൽ അങ്ങ് ശതകോടികൾ വരുമാനമുണ്ടാക്കുന്നവർ വരെ ഉള്ള ഒരു കൂട്ടമാണ്. നാം ആദ്യ പടിയായ വഴി കച്ചവടക്കാരനെ നോക്കുക. അന്നന്നത്തെ അന്നം മുട്ടിക്കാനുള്ള തത്രപ്പാടിൽ എന്തെങ്കിലും വിറ്റു ഉപജീവന മാർഗം മുന്നോട്ടു കൊണ്ട് പോകാനാണ് ഇത്തരക്കാർ ശ്രമിക്കുന്നത്. ഉപഭോക്താക്കൾ അഥവാ രാജാവ് എന്ന് വിളിക്കപ്പെടുന്ന കസ്റ്റമേഴ്സിന്റെ ചൂഷണ ആക്രമണങ്ങൾ ഏറ്റവും കൂടുതൽ നടക്കുന്നത് ഇത്തരക്കാർക്കെതിരെയാണ്.

ഒരു മാർക്കറ്റ് അഥവാ വഴി വാണിഭക്കാരന്റെ കയ്യിൽ വിൽക്കാനായി ഭക്ഷണമാകാം, ഭക്ഷണ സാമഗ്രികൾ ആകാം, എന്തുമായിക്കൊള്ളട്ടെ, ഉപഭോക്താക്കൾ എന്താണ് ചെയ്യുന്നത്? ആദ്യം അവരുടെ വിലയെ താറടിക്കുന്നു. 100 രൂപയുടെ സാധനം നാം കൈക്കലാക്കാൻ ശ്രമിക്കുന്നത് വെറും 25 രൂപയ്ക്കാണ്. ഒടുവിൽ വിലപേശലിലൂടെ അത് 50 രൂപയ്ക്കു കൈക്കലാക്കുന്നു. ഇവിടെ ആരാണ് ചൂഷണം ചെയ്യുന്നത്? ആരാണ് ചൂഷണം ചെയ്യപ്പെടുന്നത്? ഇതേ സംഗതി തന്നെ മൽസ്യ, മാംസ, പച്ചക്കറി മാർക്കറ്റുകളിലും, ഇത്രയില്ലെങ്കിലും കുറച്ചെങ്കിലും കാണാം. ഒരു നേരത്തെ ചെലവിനുള്ള പണം ലഭിക്കുന്നതിനാകാം ഒരു പക്ഷെ വിൽപ്പനക്കാരൻ ഉപഭോക്താവിന്റെ ഡിമാന്റിന് കീഴടങ്ങുന്നത്. ആ കഴിവ് കേടിനെ ആണ് ഉപഭോക്താവ് മുതലെടുക്കുന്നതും. ഇത്തരക്കാർ പ്രൈസ് ടാഗ് ഉള്ള സ്ഥാപനങ്ങളിൽ പോയി ഒന്നും ഡിമാൻഡ് ചെയ്യാറില്ല. അവിടെ തന്റെ കയ്യിലെ സാമ്പത്തികം അനുസരിച്ചു തൊഴുകൈയോടെ സാധനം വാങ്ങി തിരിച്ചു വരുന്നു.

അടുത്തതായി നമുക്ക് കാണാൻ കഴിയുന്നത്, ചൂഷണം നേരിടുന്ന ചെറുകിട വ്യാപാരികളെ ആണ്. മിക്ക ചെറുകിട വ്യാപാരികളും കടം കൊടുത്താണ് ബിസിനസ് നടത്തുന്നത്. ഒരു പക്ഷെ നാട്ടിൻ പുറത്തെ ബിസിനസ് ആകുന്നത് കൊണ്ടാകാം, അല്ലെങ്കിൽ കസ്റ്റമേഴ്സിനെ നില നിർത്താനുള്ള തത്രപ്പാടിലാകാം. ഇവിടെ ഒരു നിശ്ചിത തുക പല ഉപഭോകതാക്കളുടെ കയ്യിലും സ്ഥിര നിക്ഷേപം പോലെ കടം ഇരിക്കുന്നുണ്ടാകാം. ഇനി കടം തിരിച്ചു ചോദിച്ചാൽ ഉപഭോക്താവിന് വ്യാപാരിയുടെ കടയ്ക്കും വ്യാപാര സാധനനങ്ങൾക്കും ഇല്ലാത്ത കുറ്റവും ഉണ്ടാകുകയില്ല. ഇവിടെയും നമുക്ക് കാണാൻ കഴിയുക ഒരു ചൂഷണത്തിന്റെ മുഖം അല്ലെ? കാലങ്ങൾക്കു ശേഷം നഷ്ടം വന്നു വ്യാപാരി കട അടക്കുമ്പോൾ നാം പറയുക കച്ചവടക്കാരന്റെ കഴിവ് കേടിനെ കുറിച്ചാകും. പിന്നാമ്പുറ രഹസ്യങ്ങൾ ആരും വെളിപ്പെടുത്തുകയുമില്ല.

ഇനി ട്രേഡേഴ്സ് എന്ന് പറയുന്ന കുറച്ചു കൂടി ഉയർന്ന ഒരു വിഭാഗം ഉണ്ട്. സ്വന്തം കൈയിൽ നിന്നും പണം മുടക്കി മുൻ‌കൂർ ആയി പണം കൊടുത്ത സാധനങ്ങൾ വാങ്ങിച്ചു മറ്റുസ്ഥാപനങ്ങൾക്ക് 30 – 60 ദിവസത്തെ ക്രെഡിറ്റ് പീരീഡ് കൊടുക്കുന്നവർ. ഇവർക്ക് കിട്ടുന്ന ഓർഡറുകൾ അവർ കൊടുക്കുന്ന തുക കിഴിവിന്റെയും നീട്ടിക്കൊടുക്കുന്ന ക്രെഡിറ്റ് പീരീഡ് മൂലവും ആണ്. ഇതെല്ലാം കഴിഞ്ഞു പണം വാങ്ങിയെടുക്കാൻ എന്തെല്ലാം അഭ്യാസങ്ങൾ നടത്തണമെന്നത് കച്ചവടക്കാരിൽ മാത്രം ഒതുങ്ങുന്ന പതിവായി കണക്കാക്കാം.

ചില ഉപഭോക്താക്കൾ പ്രൊജക്റ്റ് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന എന്റർപ്രൈസുകളെ ചൂഷണം ചെയ്യുന്നത് ബഹു രസമാണ്. ഇന്റീരിയർ ഡിസൈൻ, എഞ്ചിനീയറിംഗ് സെർവീസസ്, അഡ്വെർടൈസിങ്, വെബ് ഡിസൈൻ പോലെ ഉള്ള മേഖലകളിലെ സേവനദായകരെ. ഇവർ ഒരു ആവശ്യം ഉണ്ടെന്നു പറഞ്ഞു പല സേവനദാതാക്കളെയും സമീപിക്കുന്നു. പ്ലാൻ ഡിസൈൻ പലതവണ മാറ്റി ചെയ്യിക്കുന്നു. ഡിസൈൻ ഇഷ്ട്ടപ്പെട്ടാൽ മാത്രമേ പണം മുടക്കൂ എന്നതാണ് ആദ്യ കണ്ടിഷൻ. പാവപ്പെട്ട ഡിസൈനർ കമ്പനി ഒടുവിൽ എല്ലാം ചെയ്തു കൊടുത്തിട്ടു ഒടുവിൽ ഓർഡർ കിട്ടാതിരിക്കുകയും മാത്രമല്ല ജോലിക്കാരുടെ സമയവും ശമ്പളവും നഷ്ടപ്പെടുത്തിയത് മിച്ചം എന്ന നിലയിലേക്ക് വരികയും ചെയ്യുന്നു.

ചില ഉപഭോക്താക്കൾ ഒരു ആവശ്യമില്ലാതെ തന്നെ ടെൻഡർ/ ഇൻക്യുയറി വിളിക്കാറുണ്ട്. ഇത് കൂടുതലും നടക്കുന്നത് ചെറുകിട വ്യവസായങ്ങളിലാണ് കാണുന്നത്. ഒരു പക്ഷെ അവിടെ ജോലി ചെയ്യുന്ന ഒരാളിന്റെ ആവശ്യമായിരിക്കും. ചിലത് മാനേജ്‌മന്റ് അറിഞ്ഞും, മറ്റു ചിലത് മാനേജ്‌മന്റെ അറിവ് പോലും ഇല്ലാതെയുമായിരിക്കും. ബിസിനസ് ഇൻക്വിയറി എന്ന് പറഞ്ഞാൽ വിശക്കുന്നവന്റെ മുൻപിൽ ഭക്ഷണത്തെ കാണുന്ന പോലെ പായുന്ന കമ്പനികൾ ഇത്തരക്കാരുടെ ആവശ്യങ്ങൾ നിറവേറ്റാൻ പാഞ്ഞു ചെല്ലുന്നു. സാമ്പത്തിക കോട്ടേഷൻ ചെല്ലുമ്പോളാണ് കസ്റ്റമേറുടെ ഉള്ളിരിപ്പ് അറിയുക. ആ സമയത്തു ബജറ്റ് ഇല്ല, മാനേജ്‌മന്റ് അപ്രൂവൽ ഇല്ല എന്നൊക്കെയുള്ള തൊടുന്യായങ്ങൾ പറഞ്ഞു കസ്റ്റമർ തലയൂരുന്നു. ഇവിടെ ആരാണ് ചൂഷണം ചെയ്യപ്പെടുന്നത്.

മാർക്കറ്റിലോ, വഴി വാണിഭക്കാരുടെ അടുത്തതോ, മാമ്പഴത്തിനു എന്താ വില എന്ന് ചോദിച്ചു അതിന്റെ സാമ്പിള്‍ കഴിച്ചു രുചി നോക്കി അത് പാക്ക് ചെയ്യാൻ നില്ക്കുന്ന നേരത്ത് വില കൂടുതലാണ് എന്ന് പറഞ്ഞു കച്ചവടക്കാരനെ തമസ്ക്കരിക്കുന്ന മനോഭാവം തന്നെ ആണ് വഴി വക്കിൽ വാങ്ങാൻ എത്തുന്ന ഉപഭോകതാവ് മുതൽ എന്റർപ്രൈസ് ലെവൽ ഉള്ള ഉപഭോക്താക്കളുടെ മനോഭാവത്തിൽ നമുക്ക് കാണാൻ കഴിയുന്നത് . കസ്റ്റമർ സ്വയം രാജാവ് എന്ന് ചിന്തിക്കുന്നിടത്ത് തൊട്ടാണ് ഇത്തരം പ്രശ്നങ്ങൾ അഥവാ ചൂഷണത്തിന്റെ രൂപം പുറപ്പെടുന്നത്

ഉപഭോക്താക്കളെ പറ്റിച്ചും, മായം കലർത്തിയും ലാഭമുണ്ടാക്കുന്ന ഒരു സമൂഹവും നമുക്കിടയിൽ ഉണ്ടെന്ന വസ്തുത മറന്നുകൊണ്ടല്ല ഈ ചിന്ത. പക്ഷെ ലോകം മുഴുവൻ സാമ്പത്തിക പ്രതിസന്ധിയിൽ നില്ക്കുന്ന ഈ കാലത്ത് ഉപഭോക്താവും, കച്ചവടക്കാരും പുലർത്തേണ്ട കൂട്ടുത്തരവാദിത്തമുണ്ട്, അതുകൊണ്ടാണ് അധികമാരും സംസാരിക്കാത്ത ഈ വിഷയം അവലോകനം ചെയ്തത്. ഒരു കച്ചവടക്കാരനെ സംബന്ധിച്ചു ഏതു കസ്റ്റമറും ദൈവ തുല്യരായ രാജാവ് തന്നെ ആണ്. കസ്റ്റമർ ഈസ് കിംഗ് എന്നത് യാഥാർഥ്യമാകണമെങ്കിൽ കസ്റ്റമർ ഒരു കിങ്ങിന്റെ ക്വാളിറ്റി കാണിക്കേണ്ടതുണ്ട്. നാം സ്വയമേവ ആലോചിച്ചാൽ ഇതിനു ഒരു ഉത്തരം കിട്ടും. ഉപഭോകതാവ് അഥവാ കസ്റ്റമർ രാജാവ് ആണോ അല്ലയോ എന്ന്. സ്വയം ഒരു രാജാവ് എന്ന നിലയിൽ നാം കച്ചവടക്കാരനോട് പെരുമാറിയാൽ അവിടെ നിറയുക സമൃദ്ധിയുടെ ഐശ്വര്യത്തിന്റെ നന്മകളും ഒപ്പം ഒരു കച്ചവടക്കാരന്റെ പെട്ടിയിലേക്കുള്ള കുരുന്നു വരുമാനവും കൂടി ആണ്. നാളെ നമുക്കും ഒരു രാജാവ് ആകാം, അതായത് CUSTOMER IS THE REAL KING.

ബിസിനസ് ഡെസ്ക്
പ്രവാസി ഡെയിലി

Cover Photo: Image by Igor Ovsyannykov (Pixabay)