ബഹ്‌റൈൻ: 2022 സെപ്റ്റംബർ മുതൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് നിരോധനം ഏർപ്പെടുത്താൻ തീരുമാനം

featured GCC News

2022 സെപ്റ്റംബർ 19 മുതൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് രാജ്യത്ത് നിരോധനം ഏർപ്പെടുത്താൻ ബഹ്‌റൈൻ വാണിജ്യ, വ്യവസായ മന്ത്രാലയം തീരുമാനിച്ചു. 2022 ഏപ്രിൽ 24-നാണ് ബഹ്‌റൈൻ മിനിസ്ട്രി ഓഫ് ഇൻഡസ്ട്രി, കോമേഴ്‌സ് ആൻഡ് ടൂറിസം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

https://twitter.com/MOICBahrain/status/1518170834623418369

പരിസ്ഥിതിയോട് ഇണങ്ങിയ ജീവിത രീതികൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായും, മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായുമാണ് ഈ തീരുമാനം. 35 മൈക്രോണിൽ താഴെ കനമുള്ള ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്കാണ് ഈ നിരോധനം ബാധകമാക്കുന്നത്.

ഇതോടെ ബഹ്‌റൈനിൽ 2022 സെപ്റ്റംബർ 19 മുതൽ 35 മൈക്രോണിൽ താഴെ കനമുള്ള ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾ വിൽക്കുന്നതും, ഉത്പാദിപ്പിക്കുന്നതും, വിതരണം ചെയ്യുന്നതും, ഇറക്കുമതി ചെയ്യുന്നതും നിരോധിക്കപ്പെടുന്നതാണ്. എന്നാൽ 35 മൈക്രോണിൽ കൂടുതൽ കനമുള്ള ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് ഈ നിരോധനം ബാധകമല്ല.

കയറ്റുമതി ആവശ്യങ്ങൾക്കുള്ള പ്ലാസ്റ്റിക് ബാഗുകൾ, മെഡിക്കൽ ആവശ്യങ്ങൾക്കായുള്ള പ്ലാസ്റ്റിക് ബാഗുകൾ, മാലിന്യ വസ്തുക്കളുടെ നിർമാർജ്ജനത്തിനുപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾ എന്നിവയ്ക്കും ഈ നിരോധനം ബാധകമല്ല.