അൽ ഐൻ പുസ്തകമേള സെപ്റ്റംബർ 21 മുതൽ ആരംഭിക്കും

featured UAE

അൽ ഐൻ പുസ്തകമേളയുടെ 2021 പതിപ്പ് സെപ്റ്റംബർ 21 മുതൽ ആരംഭിക്കുമെന്ന് അബുദാബി ഡിപ്പാർട്ട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം (DCT) അറിയിച്ചു. അബുദാബി അറബിക് ലാംഗ്വേജ് സെന്ററുമായി ചേർന്നാണ് DCT ഈ മേള സംഘടിപ്പിക്കുന്നത്.

അൽ ഐനിലെ സയ്ദ് സെൻട്രൽ ലൈബ്രറിയിൽ വെച്ച് സംഘടിപ്പിക്കുന്ന ഈ പുസ്തക മേള സെപ്റ്റംബർ 21 മുതൽ 30 വരെ നീണ്ട് നിൽക്കും. ‘വായിക്കുന്ന തലമുറ വഴികാട്ടുന്ന തലമുറയാണ്’ എന്ന പ്രമേയം അടിസ്ഥാനമാക്കിയാണ് ഈ വർഷത്തെ മേള സംഘടിപ്പിക്കുന്നത്. കൂടുതൽ പേരിലേക്ക് മേളയെ എത്തിക്കുന്നതിനായി സയ്ദ് സെൻട്രൽ ലൈബ്രറിയിൽ നടക്കുന്ന പുസ്തക പ്രദർശനത്തിനൊപ്പം, ഓൺലൈനിലൂടെ സംഘടിപ്പിക്കുന്ന വിർച്യുൽ സംവാദങ്ങളും, പരിപാടികളും മേളയുടെ ആകർഷണമാണ്.

“സാക്ഷരത എന്നത് പുരോഗതി കൈവരിച്ച ഏതൊരു രാജ്യത്തെയും കെട്ടിപ്പടുക്കുന്നതിനായി സഹായിച്ചിട്ടുള്ള അടിസ്ഥാനപരമായ ഘടകമാണ്. ജ്ഞാനത്തിൽ അധിഷ്ഠിതമായ ഒരു സമൂഹത്തെ നിർമ്മിക്കുന്നതിനായി വായനയെ പ്രോത്സാഹിപ്പിക്കുന്നതിനും, സുസ്ഥിരമായ പ്രസിദ്ധീകരണ മേഖലയെ അഭിവൃദ്ധിപ്പെടുത്തുന്നതിനും ഞങ്ങൾ എന്നും പ്രതിജ്ഞാബദ്ധരാണ്.”, DCT അബുദാബി അണ്ടർ സെക്രട്ടറി H.E. സഊദ് അൽ ഹോസാനി വ്യക്തമാക്കി.

“അൽ ഐൻ ബുക്ക് ഫെയർ നമ്മുടെ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും അക്ഷരങ്ങളുടെ ലോകത്തേക്ക് പ്രവേശനം നൽകുന്നു. എല്ലാ തരത്തിലുള്ള സാംസ്‌കാരിക അറിവുകളും നേടുന്നതിനൊപ്പം, നമ്മുടെ യുവാക്കൾക്ക് തങ്ങളുടെ സൃഷ്‌ടിപരമായ കഴിവുകളും, പ്രാഗല്‍ഭ്യവും ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്നതിനുള്ള ഒരു വേദി കൂടിയാണ് അൽ ഐൻ പുസ്തക മേള.”, അദ്ദേഹം കൂട്ടിച്ചേർത്തു.

യു എ ഇയുടെ ജൂബിലി വർഷത്തിൽ, ഈ വർഷത്തെ മേള എമിറാത്തി സാംസ്‌കാരിക പൈതൃകത്തിന് പ്രത്യേക ഊന്നൽ നൽകുന്ന രീതിയിലായിരിക്കും സംഘടിപ്പിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ അഞ്ച് ദശകങ്ങളിൽ യു എ ഇയുടെ ദേശീയ സ്വത്വം രൂപപ്പെടുത്തുന്നതിൽ മുഖ്യപങ്ക് വഹിച്ച സാഹിത്യപരവും, സാംസ്‌കാരികവുമായ സൃഷ്ടികൾ എടുത്ത് കാണിക്കുന്നതിൽ അൽ ഐൻ ബുക്ക് ഫെയർ 2021 പ്രത്യേക ശ്രദ്ധ ചെലുത്തുന്നതായി അദ്ദേഹം അറിയിച്ചു.

യു എ ഇയിൽ നിന്നുള്ള 100-ൽ പരം പ്രസാധകരും, പ്രദര്‍ശകരും ഈ മേളയുടെ ഭാഗമായിരിക്കുന്നതാണ്. എല്ലാ പ്രായവിഭാഗങ്ങളിൽപ്പെടുന്ന വായനക്കാരുടെയും അഭിരുചികൾക്കിണങ്ങുന്ന ഏറ്റവും പുതിയ സാഹിത്യസൃഷ്ടികൾ ഉൾപ്പടെ മേളയിൽ പ്രദർശിപ്പിക്കുന്നതാണ്.

അമ്പതോളം സാംസ്‌കാരിക നായകർ, എഴുത്തുകാർ, കലാകാരന്മാർ തുടങ്ങിയവർ പങ്കെടുക്കുന്ന പ്രത്യേക സംവാദങ്ങൾ, സംഗീത പരിപാടികൾ, കുട്ടികൾക്കായുള്ള വിദ്യാഭ്യാസസംബന്ധിയായ പ്രദർശനങ്ങൾ, പ്രത്യേക വർക്ക്ഷോപ്പുകൾ തുടങ്ങിയവ മേളയുടെ ഭാഗമാണ്. പൂർണ്ണമായും COVID-19 സുരക്ഷാ മാനദണ്ഡങ്ങൾ അനുസരിച്ചാണ് മേള സംഘടിപ്പിക്കുന്നത്. സന്ദർശകർക്ക് AlHosn ആപ്പിൽ ഗ്രീൻ സ്റ്റാറ്റസ് നിർബന്ധമാണ്. സന്ദർശകർ 48 മണിക്കൂറിനിടയിൽ നേടിയ PCR നെഗറ്റീവ് റിസൾട്ട് ഹാജരാക്കേണ്ടതാണ്. https://adbookfair.com/en/aabf എന്ന വിലാസത്തിലൂടെയോ അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയർ ആപ്പിലൂടെയോ മേളയിൽ പങ്കെടുക്കുന്നതിനായി രജിസ്റ്റർ ചെയ്യാവുന്നതാണ്.

WAM