യു എ ഇ: അൽ ഐൻ സൂ WAZA അംഗത്വം നേടി

featured GCC News

വേൾഡ് അസോസിയേഷൻ ഓഫ് സൂസ് ആൻഡ് അക്വേറിയംസിൽ (WAZA) അൽ ഐൻ മൃഗശാല അംഗത്വം നേടി. അബുദാബി മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

WAZA അംഗത്വം നേടിയതോടെ വന്യജീവി സംരക്ഷണം, മൃഗസംരക്ഷണം, സുസ്ഥിരത, പരിസ്ഥിതി വിദ്യാഭ്യാസം മുതലായ മേഖലകളിൽ മുൻപന്തിയിൽ നിൽക്കുന്ന സ്ഥാപനങ്ങളുടെ ആഗോള ശൃംഖലയിൽ അൽ ഐൻ സൂ ഇടം പിടിച്ചിട്ടുണ്ട്.

വരും തലമുറകൾക്കായി ജൈവവൈവിദ്ധ്യം, പ്രകൃതി പൈതൃകം എന്നിവ സംരക്ഷിക്കുന്നതിനായി അബുദാബി 2030 വിഷൻ മുന്നോട്ട് വെക്കുന്ന നയങ്ങളുടെ പ്രതിഫലനമാണ് ഈ നേട്ടമെന്ന് സൂ ആൻഡ് അക്വേറിയം പബ്ലിക് ഇന്സ്ടിട്യൂഷൻ ഇൻ അൽ ഐൻ (ZAPIA) മാനേജിങ് ഡയറക്ടർ വലീദ് സയീദ് അൽ സഈദി അറിയിച്ചു. ഗവേഷണം, ജീവിവർഗ്ഗ പരിപാലനം, പൊതുബോധവത്‌കരണം തുടങ്ങിയ നടപടികളിലൂടെ വന്യജീവി സംരക്ഷണം ശക്തിപ്പെടുത്തുന്നതിനായി അൽ ഐൻ മൃഗശാല നടത്തുന്ന ദൗത്യങ്ങൾക്ക് ഇത് അടിവരയിടുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.

2025-ൽ അൽ ഐൻ സൂ കൈവരിക്കുന്ന രണ്ടാമത്തെ അന്താരാഷ്ട്ര അംഗീകാരമാണ് WAZA അംഗത്വം. ഈ വർഷം തുടക്കത്തിൽ അൽ ഐൻ മൃഗശാലയ്ക്ക് അസോസിയേഷൻ ഓഫ് സൂസ് ആൻഡ് അക്വേറിയംസ് (AZA) അംഗീകാരം ലഭിച്ചിരുന്നു.