അനധികൃത ക്യാമ്പിംഗ് സൈറ്റുകൾക്കെതിരെ അൽ ദഫ്‌റ മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ക്യാമ്പുകൾക്കും, മറ്റു ചടങ്ങുകൾക്കുമായി പൊതു ഇടങ്ങൾ ഉപയോഗിക്കുന്ന വേളകളിൽ ഇതുമായി ബന്ധപ്പെട്ട നിയമങ്ങൾ പാലിക്കണമെന്ന് അൽ ദഫ്‌റ മുനിസിപ്പാലിറ്റി പൊതുജനങ്ങളെ ഓർമ്മപ്പെടുത്തി. അനധികൃതമായി നടത്തുന്ന ചടങ്ങുകൾ പിഴ ഉൾപ്പടെയുള്ള നിയമനടപടികളിലേക്ക് നയിക്കുമെന്ന് മുനിസിപ്പാലിറ്റി കൂട്ടിച്ചേർത്തു.
പൊതു ഇടങ്ങൾ ദുരുപയോഗം ചെയ്യുന്നതുമായി ബന്ധപ്പെട്ട വീഴ്ചകൾക്ക് 500 മുതൽ 20000 ദിർഹം വരെ പിഴ ചുമത്താവുന്നതാണ്. മുനിസിപ്പാലിറ്റിയിൽ നിന്നുള്ള പെർമിറ്റ് എടുക്കാതെ പൊതു ഇടങ്ങളിൽ ക്യാമ്പുകൾ, മറ്റു ചടങ്ങുകൾ എന്നിവ നടത്തുന്നവർക്ക് 10000 ദിർഹം പിഴ ചുമത്തുന്നതാണ്.
ഇത്തരം വീഴ്ചകൾ ആവർത്തിക്കുന്നവർക്ക് 15000 ദിർഹം പിഴയും, തുടർന്നും ആവർത്തിക്കുന്നവർക്ക് 20000 ദിർഹം പിഴയും ചുമത്താവുന്നതാണ്. കാലാവധി അവസാനിച്ച പെർമിറ്റ് ഉപയോഗിക്കുന്നവർക്ക് 3000 ദിർഹം പിഴ ചുമത്തുന്നതാണ്. ഈ തെറ്റ് ആവർത്തിക്കുന്നവർക്ക് ആദ്യ തവണ 5000 ദിർഹവും പിന്നീടുള്ള വീഴ്ചകൾക്ക് 7000 ദിർഹവും പിഴ ചുമത്താവുന്നതാണ്.
Cover Image: Pixabay.

