അബുദാബിയിൽ എല്ലാ വർഷവും സംഘടിപ്പിക്കാറുള്ള സാംസ്‌കാരിക പരിപാടിയായ അൽ ഹൊസൻ ഫെസ്റ്റിവലിന് 2021 നവംബർ 25, വ്യാഴാഴ്ച്ച തുടക്കമായി. അബുദാബി ഡിപ്പാർട്ട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം (DCT അബുദാബി) സംഘടിപ്പിക്കുന്ന പത്ത് ദിവസം നീണ്ട് നിൽക്കുന്ന ഈ സാംസ്കാരിക മേള യു എ ഇയുടെ പൈതൃകത്തിന്റെ പ്രതീകമാണ്.
സാംസ്‌കാരിക തനിമയുടെ ആഘോഷമായ അൽ ഹൊസൻ ഫെസ്റ്റിവൽ 2021 നവംബർ 25 മുതൽ 2021 ഡിസംബർ 4 വരെ നീണ്ട് നിൽക്കുന്ന രീതിയിലാണ് ഈ വർഷം സംഘടിപ്പിക്കുന്നത്. എമിറേറ്റിലെ സാംസ്‌കാരിക പൈതൃകം നിലനിർത്തുന്നതിനും, സംരക്ഷിക്കുന്നതിനും, പ്രചരിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് DCT എല്ലാ വർഷവും അബുദാബി അൽ ഹൊസൻ ഫെസ്റ്റിവൽ ഒരുക്കുന്നത്.
അബുദാബി നഗരത്തിന്റെ ഉത്പത്തിസ്ഥാനമായ അൽ ഹൊസ്‌നിൽ വെച്ചാണ് ഈ മേള സംഘടിപ്പിക്കുന്നത്. ചരിത്രപ്രസിദ്ധമായ ഖ്‌അസ്‌ർ അൽ ഹൊസൻ ഫോർട്ട് ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.
യു എ ഇയുടെ ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ 50 ക്ലാസിക് കാറുകൾ പങ്കെടുക്കുന്ന ഒരു പരേഡോടെയാണ് 2021-ലെ അൽ ഹൊസൻ ഫെസ്റ്റിവൽ ആരംഭിച്ചത്. അബുദാബി കോർണിഷിൽ നിന്ന് ആരംഭിച്ച ക്ലാസിക് കാറുകളുടെ പരേഡ് അൽ ഹൊസൻ വരെയുള്ള വീഥികളിൽ ഈ പൈതൃകോത്സവത്തിന്റെ ആരംഭം വിളംബരം ചെയ്തു.
യു എ ഇയുടെ പ്രൗഢഗംഭീരമായ സാംസ്‌കാരിക തനിമ, ചരിത്രം, ജനങ്ങൾ, പരമ്പരാഗത രീതികൾ മുതലായവ അൽ ഹൊസനും, ഇവിടുത്തെ സാംസ്‌കാരിക മേളയും സന്ദർശിക്കുന്നവർക്ക് അടുത്തറിയാൻ അവസരം ലഭിക്കുന്നതാണ്. മേളയിലെത്തുന്ന സന്ദർശകർക്കായി നിരവധി കലാപരിപാടികൾ, കലാ പ്രദർശനങ്ങൾ, സിനിമാ പ്രദർശനങ്ങൾ, കരകൗശല വസ്തുക്കളുടെ പ്രദർശനങ്ങൾ, എമിറേറ്റിലെ തനതായ ഭക്ഷണങ്ങൾ രുചിച്ച് നോക്കുന്നതിനായുള്ള അവസരങ്ങൾ തുടങ്ങിയ വിവിധ അനുഭവങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
2021 നവംബർ 25 മുതൽ 2021 ഡിസംബർ 4 വരെ ദിനവും വൈകീട്ട് നാല് മണിമുതൽ രാത്രി പതിനൊന്ന് മണിവരെയാണ് അൽ ഹൊസൻ ഫെസ്റ്റിവലിലേക്ക് പ്രവേശനം അനുവദിക്കുന്നത്. അഞ്ച് മുതൽ പതിനൊന്ന് വയസ് വരെയുള്ള കുട്ടികൾക്ക് 15 ദിർഹം, മുതിർന്നവർക്ക് 30 ദിർഹം എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകൾ. അഞ്ച് വയസിന് താഴെ പ്രായമുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്.
കർശനമായ COVID-19 പ്രതിരോധ മാനദണ്ഡങ്ങൾക്ക് വിധേയമായാണ് ഈ മേളയിലെ ഓരോ ചടങ്ങും സംഘടിപ്പിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. മേളയിലെത്തുന്ന സന്ദർശകർ വാക്സിനേഷൻ രേഖകൾ, 96 മണിക്കൂറിനിടയിൽ ലഭിച്ച PCR നെഗറ്റീവ് റിസൾട്ട് എന്നിവ ഹാജരാക്കേണ്ടതാണ്. മേളയിലെത്തുന്ന സന്ദർശകർക്ക് മുഴുവൻ സമയവും മാസ്കുകളുടെ ഉപയോഗം നിർബന്ധമാണ്.