അബുദാബി: അൽ ഹൊസൻ ഫെസ്റ്റിവൽ സമാപിച്ചു

UAE

അബുദാബിയിൽ നടന്ന് വന്നിരുന്ന സാംസ്‌കാരിക പരിപാടിയായ അൽ ഹൊസൻ ഫെസ്റ്റിവൽ സമാപിച്ചു. 2023 ജനുവരി 22-നാണ് അൽ ഹൊസൻ ഫെസ്റ്റിവൽ സമാപിച്ചത്.

2023 ജനുവരി 24-ന് അബുദാബി മീഡിയ ഓഫീസ് ഇത് സംബന്ധിച്ച ഒരു അറിയിപ്പ് പുറത്തിറക്കി. എല്ലാ വർഷവും സംഘടിപ്പിക്കാറുള്ള ഈ സാംസ്‌കാരിക മേള 2023 ജനുവരി 13-നാണ് ആരംഭിച്ചത്.

അബുദാബി ഡിപ്പാർട്ട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം (DCT അബുദാബി) സംഘടിപ്പിക്കുന്ന ഈ സാംസ്കാരിക മേള യു എ ഇയുടെ പൈതൃകത്തിന്റെ പ്രതീകമാണ്. സാംസ്‌കാരിക തനിമയുടെ ആഘോഷമായ അൽ ഹൊസൻ ഫെസ്റ്റിവൽ അബുദാബി നഗരത്തിന്റെ ഉത്പത്തിസ്ഥാനമായ അൽ ഹൊസ്‌നിൽ വെച്ചാണ് സംഘടിപ്പിച്ചത്.

എല്ലാ പ്രായവിഭാഗങ്ങളിലുമുള്ള സന്ദർശകർക്ക് ആസ്വദിക്കാനാകുന്ന രീതിയിലുള്ള പരിപാടികൾ ഉൾകൊള്ളുന്ന ഈ മേളയുടെ ഭാഗമായി സംഗീത പരിപാടികൾ, സാംസ്കാരിക പ്രദർശനങ്ങൾ, കലാപ്രദർശനങ്ങൾ, കരകൗശല പ്രദർശനങ്ങൾ, ഭക്ഷണശാലകൾ, ചില്ലറവിൽപ്പനശാലകൾ, സിനിമാപ്രദർശനങ്ങൾ എന്നിവ അരങ്ങേറി.

Cover Image: WAM.