അബുദാബി: അൽ ഹൊസൻ ഫെസ്റ്റിവൽ 2023 ജനുവരി 13 മുതൽ ആരംഭിക്കും

GCC News

അബുദാബിയിൽ എല്ലാ വർഷവും സംഘടിപ്പിക്കാറുള്ള സാംസ്‌കാരിക പരിപാടിയായ അൽ ഹൊസൻ ഫെസ്റ്റിവൽ 2023 ജനുവരി 13 മുതൽ ആരംഭിക്കും. 2022 ഡിസംബർ 23-ന് അബുദാബി മീഡിയ ഓഫീസാണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

അൽ ഹൊസൻ ഫെസ്റ്റിവൽ 2023 ജനുവരി 13 മുതൽ ജനുവരി 22 വരെ നീണ്ട് നിൽക്കും. അബുദാബി ഡിപ്പാർട്ട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം (DCT അബുദാബി) സംഘടിപ്പിക്കുന്ന പത്ത് ദിവസം നീണ്ട് നിൽക്കുന്ന ഈ സാംസ്കാരിക മേള യു എ ഇയുടെ പൈതൃകത്തിന്റെ പ്രതീകമാണ്.

സാംസ്‌കാരിക തനിമയുടെ ആഘോഷമായ അൽ ഹൊസൻ ഫെസ്റ്റിവൽ അബുദാബി നഗരത്തിന്റെ ഉത്പത്തിസ്ഥാനമായ അൽ ഹൊസ്‌നിൽ വെച്ചാണ് സംഘടിപ്പിക്കുന്നത്. ചരിത്രപ്രസിദ്ധമായ ഖ്‌അസ്‌ർ അൽ ഹൊസൻ ഫോർട്ട് ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.

എമിറേറ്റിലെ സാംസ്‌കാരിക പൈതൃകം നിലനിർത്തുന്നതിനും, സംരക്ഷിക്കുന്നതിനും, പ്രചരിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് DCT എല്ലാ വർഷവും അബുദാബി അൽ ഹൊസൻ ഫെസ്റ്റിവൽ ഒരുക്കുന്നത്. അൽ ഹൊസനിലെ ചരിത്രസ്മാരകങ്ങളായ കെട്ടിടങ്ങളിലും അവയുടെ പരിസരങ്ങളിലും അരങ്ങേറുന്ന ഈ സാംസ്കാരിക മേള അബുദാബിയുടെ പൈതൃകം, സര്‍ഗ്ഗവൈഭവം എന്നിവ സന്ദർശകർക്ക് മുന്നിൽ എടുത്ത് കാട്ടുന്നു.

എല്ലാ പ്രായവിഭാഗങ്ങളിലുമുള്ള സന്ദർശകർക്ക് ആസ്വദിക്കാനാകുന്ന രീതിയിലുള്ള പരിപാടികൾ ഉൾപ്പെടുത്തിയാണ് ഈ മേള സംഘടിപ്പിക്കുന്നത്. ഈ മേളയുടെ ഭാഗമായി സംഗീത പരിപാടികൾ, സാംസ്കാരിക പ്രദർശനങ്ങൾ, കലാപ്രദർശനങ്ങൾ, കരകൗശല പ്രദർശനങ്ങൾ, ഭക്ഷണശാലകൾ, ചില്ലറവിൽപ്പനശാലകൾ, സിനിമാപ്രദർശനങ്ങൾ എന്നിവ ഉണ്ടായിരിക്കുന്നതാണ്.

2023 ജനുവരി 13 മുതൽ ജനുവരി 22 വരെ ദിനവും വൈകീട്ട് നാല് മണിമുതൽ രാത്രി പത്തര വരെയാണ് അൽ ഹൊസൻ ഫെസ്റ്റിവലിലേക്ക് പ്രവേശനം അനുവദിക്കുന്നത്. അഞ്ച് മുതൽ പതിനൊന്ന് വയസ് വരെയുള്ള കുട്ടികൾക്ക് 15 ദിർഹം, മുതിർന്നവർക്ക് 30 ദിർഹം എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകൾ. അഞ്ച് വയസിന് താഴെ പ്രായമുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്.