അബുദാബി: അൽ ഹൊസൻ ഫെസ്റ്റിവൽ 2024 ജനുവരി 19 മുതൽ ആരംഭിക്കും

featured GCC News

അബുദാബിയിൽ എല്ലാ വർഷവും സംഘടിപ്പിക്കാറുള്ള സാംസ്‌കാരിക പരിപാടിയായ അൽ ഹൊസൻ ഫെസ്റ്റിവൽ 2024 ജനുവരി 19 മുതൽ ആരംഭിക്കും. 2024 ജനുവരി 16-ന് അബുദാബി മീഡിയ ഓഫീസാണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

അൽ ഹൊസൻ ഫെസ്റ്റിവൽ 2024 ജനുവരി 19 മുതൽ ജനുവരി 28 വരെ നീണ്ട് നിൽക്കും. അബുദാബി ഡിപ്പാർട്ട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം (DCT അബുദാബി) സംഘടിപ്പിക്കുന്ന പത്ത് ദിവസം നീണ്ട് നിൽക്കുന്ന ഈ സാംസ്കാരിക മേള യു എ ഇയുടെ പൈതൃകത്തിന്റെ പ്രതീകമാണ്.

സാംസ്‌കാരിക തനിമയുടെ ആഘോഷമായ അൽ ഹൊസൻ ഫെസ്റ്റിവൽ അബുദാബി നഗരത്തിന്റെ ഉത്പത്തിസ്ഥാനവും, ചരിത്രപ്രസിദ്ധമായ ഖ്‌അസ്‌ർ അൽ ഹൊസൻ ഫോർട്ട് സ്ഥിതി ചെയ്യുന്ന ഇടവുമായ അൽ ഹൊസ്‌നിൽ വെച്ചാണ് സംഘടിപ്പിക്കുന്നത്. എമിറേറ്റിലെ സാംസ്‌കാരിക പൈതൃകം നിലനിർത്തുന്നതിനും, സംരക്ഷിക്കുന്നതിനും, പ്രചരിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് DCT എല്ലാ വർഷവും അബുദാബി അൽ ഹൊസൻ ഫെസ്റ്റിവൽ ഒരുക്കുന്നത്.

എല്ലാ പ്രായവിഭാഗങ്ങളിലുമുള്ള സന്ദർശകർക്ക് ആസ്വദിക്കാനാകുന്ന രീതിയിലുള്ള പരിപാടികൾ ഉൾപ്പെടുത്തിയാണ് ഈ മേള സംഘടിപ്പിക്കുന്നത്. ഈ മേളയുടെ ഭാഗമായി സംഗീത പരിപാടികൾ, സാംസ്കാരിക പ്രദർശനങ്ങൾ, കലാപ്രദർശനങ്ങൾ, കരകൗശല പ്രദർശനങ്ങൾ, ഭക്ഷണശാലകൾ, ചില്ലറവിൽപ്പനശാലകൾ, സിനിമാപ്രദർശനങ്ങൾ എന്നിവ ഉണ്ടായിരിക്കുന്നതാണ്.