ദുബായിയുടെ സാംസ്കാരിക തനിമയിലേക്ക് ഒരു കിളിവാതിൽ തുറക്കുന്ന അൽ ഷിന്ദഗ ദിനങ്ങൾ എന്ന സാംസ്കാരികോത്സവം 2023 നവംബർ 24 മുതൽ ആരംഭിക്കും. 2023 നവംബർ 19-നാണ് ദുബായ് മീഡിയ ഓഫീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ദുബായ് കൾച്ചർ ആൻഡ് ആർട്സ് അതോറിറ്റിയാണ് അൽ ഷിന്ദഗ ഡേയ്‌സ് എന്ന സാംസ്കാരികോത്സവം സംഘടിപ്പിക്കുന്നത്. എമിറാത്തി നാവിക പൈതൃകം, എമിറാത്തി സംസ്കാരത്തിൽ സമുദ്രത്തിനുള്ള പങ്ക്, എമിറാത്തി ചരിത്രം എന്നിവയിലേക്ക് വെളിച്ചം വീശുന്നതാണ് ഈ സാംസ്കാരികോത്സവം.
യുഎഇയുടെ സംസ്കാരത്തിന്റെ എല്ലാ പകിട്ടുകളും തനിമയും ഒളിമങ്ങാതെ ആസ്വദിക്കാൻ ഉള്ള ഒരു അവസരമാണ് അൽ ഷിന്ദഗ ഡേയ്‌സ്. ദുബായ് നിവാസികൾക്ക് സമുദ്രവുമായുള്ള ബന്ധം, അതിന്റെ പരമ്പരാഗത കൈത്തൊഴിലുകൾ എന്നിവയെ സന്ദർശകർക്ക് മുൻപിൽ അവതരിപ്പിക്കുന്ന പൈതൃക പരിപാടികൾ, ശില്പശാലകൾ മുതലായവ ഈ സാംസ്കാരികോത്സവത്തിന്റെ ഭാഗമായി അരങ്ങേറും.
2023 നവംബർ 24-ന് ആരംഭിക്കുന്ന അൽ ഷിന്ദഗ ഡേയ്‌സ് 2023 ഡിസംബർ 3 വരെ നീണ്ട് നിൽക്കും, ചരിത്രമുറങ്ങുന്ന അൽ ഷിന്ദഗ പരിസരത്താണ് ഈ സാംസ്കാരിക സംഗമം സംഘടിപ്പിക്കുന്നത്.
‘സമുദ്രവുമായി ബന്ധപ്പെട്ട ഞങ്ങളുടെ സംസ്കാരത്തിന്റെ ആഘോഷം’ എന്ന ആശയത്തിലൂന്നിയാണ് ഈ മേള ഒരുക്കുന്നത്. ഈ മേളയിലെത്തുന്ന സന്ദർശകർക്ക് ചെറു നൗകകളുടെ നിർമ്മാണം, നെയ്ത്ത്, മുത്ത്, പവിഴം എന്നിവയുടെ വാരൽ തുടങ്ങിയവയുമായി ബന്ധപ്പെട്ട ശില്പശാലകളിൽ പങ്കെടുക്കാവുന്നതാണ്.
WAM