സൗദി അറേബ്യയിലെ ഏഴായിരം വർഷത്തെ നാഗരികതകളുടെ ചരിത്രം പറയുന്ന ഏൻഷ്യന്റ് കിങ്ഡംസ് ഫെസ്റ്റിവൽ അൽ ഉലയിൽ ആരംഭിച്ചു. സൗദി പ്രസ്സ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

അൽ ഉല ഗവര്‍ണറേറ്റിലെ വിവിധ ആർക്കിയോളജിക്കൽ സൈറ്റുകളിലായാണ് ഈ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. ‘കാലഘട്ടങ്ങളിലൂടെയുള്ള യാത്രകൾ’ എന്ന പ്രമേയത്തിലൂന്നിയാണ് ഏൻഷ്യന്റ് കിങ്ഡംസ് ഫെസ്റ്റിവൽ ഒരുക്കിയിരിക്കുന്നത്.

ദദാൻ, ലിഹ്യാൻ, നബേഷ്യൻ നാഗരികതകളുടെ ചരിത്രത്തോടൊപ്പം ആധുനിക സൗദി അറേബ്യയുടെ ചരിത്രവും ഈ പ്രദർശനത്തിൽ അവതരിപ്പിക്കപ്പെടുന്നുണ്ട്. അൽ ഉല ഏൻഷ്യന്റ് കിങ്ഡംസ് ഫെസ്റ്റിവൽ 2025 ഡിസംബർ 6 വരെ നീണ്ട് നിൽക്കും.

അൽ ഉല ഏൻഷ്യന്റ് കിങ്ഡംസ് ഫെസ്റ്റിവലിന്റെ ഭാഗമായി ചരിത്രപ്രമേയങ്ങളെ അടിസ്ഥാനമാക്കിയുള്ള കലാപ്രദർശനങ്ങൾ, വിജ്ഞാനയാത്രകൾ, മറ്റു പരിപാടികൾ എന്നിവ അരങ്ങേറുന്നതാണ്. ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട പുരാവസ്തു മേഖലകളിലൊന്നാണ് അൽ ഉല എന്ന് റോയൽ കമ്മീഷൻ ഫോർ അൽ ഉലയിലെ സാംസ്കാരിക വിഭാഗം വൈസ് പ്രസിഡണ്ട് അബ്ദുൽറഹ്മാൻ അൽ സുഹൈബാനി ചൂണ്ടിക്കാട്ടി.
മേഖലയുടെ ചരിത്രം വിവരിക്കുന്ന ഒരു പ്രത്യേക ഓഡിയോ, വിഷ്യൽ പ്രദർശനം ഉൾപ്പെടുന്ന ആഘോഷത്തിന് UNESCO ലോക പൈതൃക പട്ടികയിലിടം നേടിയിട്ടുള്ള ഹെഗ്ര ആർക്കിയോളജിക്കൽ സൈറ്റ് വേദിയാകുന്നതാണ്.
Cover Image: Saudi Press Agency.

