ഖത്തർ: ഏപ്രിൽ 4 മുതൽ മുഴുവൻ വിദ്യാലയങ്ങളിലും വിദൂര പഠനരീതി നടപ്പിലാക്കാൻ തീരുമാനം

featured GCC News

രാജ്യത്തെ മുഴുവൻ വിദ്യാലയങ്ങളിലും 2021 ഏപ്രിൽ 4, ഞായറാഴ്ച്ച മുതൽ വിദ്യാർത്ഥികൾ നേരിട്ടെത്തുന്ന രീതിയിലുള്ള പഠന സമ്പ്രദായം താത്‌കാലികമായി നിർത്തലാക്കുന്നതിനും, ഓൺലൈൻ പഠനരീതി നടപ്പിലാക്കുന്നതിനും തീരുമാനിച്ചതായി ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഖത്തറിലെ സർക്കാർ വിദ്യാലയങ്ങൾ, സ്വകാര്യ വിദ്യാലയങ്ങൾ, കിന്റർഗാർട്ടനുകൾ, യൂണിവേഴ്സിറ്റികൾ എന്നിവ ഉൾപ്പടെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഈ തീരുമാനം ബാധകമാണ്.

https://twitter.com/Qatar_Edu/status/1377656492585799685

ഏപ്രിൽ 1-നാണ് ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ നിലവിലെ COVID-19 സ്ഥിതിഗതികൾ കണക്കിലെടുത്താണ് ഈ തീരുമാനം.

ഖത്തറിലെ ദിനംപ്രതിയുള്ള രോഗബാധിതരുടെ എണ്ണം ഉയരുന്നത് കണക്കിലെടുത്താണ് വിദ്യാലയങ്ങളിലേക്ക് വിദ്യാർത്ഥികളെ പ്രവേശിപ്പിക്കുന്നത് നിർത്തലാക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. ആരോഗ്യ മന്ത്രാലയത്തിൽ നിന്നുള്ള നിർദ്ദേശങ്ങളെ തുടർന്ന് പൊതു സമൂഹത്തിന്റെയും, വിദ്യാർത്ഥികളുടെയും സുരക്ഷ മുൻനിർത്തിയാണ് ഈ തീരുമാനം.

വിദ്യാർത്ഥികൾക്ക് വിദൂര രീതിയിലുള്ള പഠനം തുടരുമെങ്കിലും, ഈ കാലയളവിൽ അധ്യാപകർ വിദ്യാലയങ്ങളിൽ ഹാജരാകണമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. വിദ്യർത്ഥികളുടെ വാർഷിക പരീക്ഷകൾ വിദ്യാലയങ്ങളിൽ നേരിട്ട് നടത്തുന്നതിനാണ് മന്ത്രാലയം നിലവിൽ ലക്ഷ്യമിടുന്നതെന്നും അധികൃതർ അറിയിച്ചു. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.