കൃത്രിമ മധുരം ചേർത്ത പാനീയങ്ങൾക്ക് എക്‌സൈസ് നികുതി കണക്കാക്കുന്നതിനുള്ള പുതുക്കിയ മാനദണ്ഡങ്ങൾ 2026 ജനുവരി 1 മുതൽ യു എ ഇയിൽ പ്രാബല്യത്തിൽ വരും. 2025 ഡിസംബർ 29-ന് എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
Commencement of implementation of new Excise Tax mechanism on Sweetened Drinks based on 'Tiered-Volumetric Model' effective from 1 January 2026#WamNews https://t.co/hdfdEQNELQ pic.twitter.com/k3DKGuXaqU
— WAM English (@WAMNEWS_ENG) December 29, 2025
ഇത്തരം പാനീയങ്ങൾക്ക് എക്‌സൈസ് നികുതി കണക്കാക്കുന്നതിനുള്ള മാനദണ്ഡങ്ങൾ 2025 ജൂലൈയിൽ യു എ ഇ ധനകാര്യ മന്ത്രാലയം ഭേദഗതി ചെയ്തിരുന്നു. ഇത്തരത്തിൽ നികുതി കണക്കുന്നതിനുള്ള തീരുമാനം 2026 തുടക്കം മുതൽ പ്രാബല്യത്തിൽ വരുമെന്ന് മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
ഈ ഭേദഗതി പ്രകാരം ഇത്തരം പാനീയങ്ങൾക്ക് ഓരോ 100 മില്ലീലിറ്ററിലും അടങ്ങിയിട്ടുള്ള പഞ്ചസാരയുടെ അളവ് കണക്കിലെടുത്താണ് ഒരു ലിറ്റർ പാനീയത്തിന് ചുമത്തേണ്ട എക്‌സൈസ് ടാക്സ് കണക്കാക്കുന്നത്. 2026 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുന്ന ‘197/2025’ എന്ന ക്യാബിനറ്റ് തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണിത്.
ജനുവരി 1 മുതൽ ഓരോ 100 മില്ലീലിറ്ററിലും ചേർത്തിട്ടുള്ള പഞ്ചസാരയുടെ അളവ് ഉയരുന്നതിനനുസരിച്ച് കൃത്രിമ മധുരം ചേർത്ത പാനീയങ്ങൾക്ക് കണക്കാക്കുന്ന നികുതി കൂടുന്നതാണ്. നേരത്തെ ഇത്തരം പാനീയങ്ങൾക്ക് ഒരു നിശ്ചിത നിരക്കിലുള്ള എക്‌സൈസ് ടാക്‌സാണ് ചുമത്തിയിരുന്നത്.
പൊതു ആരോഗ്യം സംരക്ഷിക്കുന്നതിനും, പഞ്ചസാരയുടെ അളവ് കൂടുതലുള്ള ഉത്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിനും, കൃത്രിമ മധുരം ചേർത്ത പാനീയങ്ങളിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിന് നിർമ്മാതാക്കളെ പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് യു എ ഇ ഈ ഭേദഗതി നടപ്പിലാക്കുന്നത്. യു എ ഇ ധനകാര്യ മന്ത്രാലയം, ഫെഡറൽ ടാക്സ് അതോറിറ്റി എന്നിവർ ചേർന്നാണ് ഈ തീരുമാനം നടപ്പിലാക്കുന്നത്.
കൃത്രിമ മധുരം ചേർത്ത പാനീയങ്ങളുടെ നിർമ്മാതാക്കൾ, ഇറക്കുമതി ചെയ്യുന്നവർ, വിതരണക്കാർ തടുങ്ങിയവർ 2026 ജനുവരി 1 മുതൽ മിനിസ്ട്രി ഓഫ് ഇൻഡസ്ടറി ആൻഡ് അഡ്വാൻസ്ഡ് ടെക്നോളജിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് ‘എമിറേറ്റ്സ് കൺഫോമിറ്റി സർട്ടിഫിക്കറ്റ് ഫോർ ഷുഗർ ആൻഡ് സ്വീറ്റനേർസ് കണ്ടന്റ് ഇൻ ബിവറേജസ് (ഫോർ എക്‌സൈസ് ടാക്സ്)’ എന്ന രേഖ നേടണമെന്നും യു എ ഇ ഫെഡറൽ ടാക്സ് അതോറിറ്റി അറിയിച്ചിട്ടുണ്ട്. രാജ്യത്ത് ഔദ്യോഗിക അംഗീകാരമുള്ള ലാബുകളിൽ നിന്നുള്ള ടെസ്റ്റ് റിസൾട്ടുകൾ നേടിയ ശേഷമാണ് ഇത്തരം സർട്ടിഫിക്കറ്റിന് അപേക്ഷിക്കേണ്ടത്.
ഈ പുതിയ എക്‌സൈസ് ടാക്സ് സംവിധാനത്തിന് കീഴിൽ കൃത്രിമ മധുരം ചേർത്ത പാനീയങ്ങളെ താഴെ പറയുന്ന നാല് വിഭാഗങ്ങളാക്കി തിരിച്ചിട്ടുണ്ട്:
- ഉയർന്ന അളവിൽ പഞ്ചസാര ചേർത്തിട്ടുള്ള പാനീയങ്ങൾ – ഓരോ 100 മില്ലീലിറ്ററിലും 8 ഗ്രാം അല്ലെങ്കിൽ അതിൽ കൂടുതൽ പഞ്ചസാര അടങ്ങിയിട്ടുള്ള പാനീയങ്ങളെയാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവയ്ക്ക് ലിറ്ററിന് 1.09 ദിർഹം എന്ന നിരക്കിലായിരിക്കും എക്‌സൈസ് നികുതി കണക്കാക്കുന്നത്.
- മിതമായ അളവിൽ പഞ്ചസാര ചേർത്തിട്ടുള്ള പാനീയങ്ങൾ – ഓരോ 100 മില്ലീലിറ്ററിലും 5 ഗ്രാം അല്ലെങ്കിൽ അതിൽ കൂടുതൽ, എന്നാൽ 8 ഗ്രാമിൽ താഴെ പഞ്ചസാര അടങ്ങിയിട്ടുള്ള പാനീയങ്ങളെയാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവയ്ക്ക് ലിറ്ററിന് 0.79 ദിർഹം എന്ന നിരക്കിലായിരിക്കും എക്‌സൈസ് നികുതി കണക്കാക്കുന്നത്.
- കുറഞ്ഞ അളവിൽ പഞ്ചസാര ചേർത്തിട്ടുള്ള പാനീയങ്ങൾ – ഓരോ 100 മില്ലീലിറ്ററിലും 5 ഗ്രാമിൽ താഴെ പഞ്ചസാര അടങ്ങിയിട്ടുള്ള പാനീയങ്ങളെയാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവയ്ക്ക് ലിറ്ററിന് 0.0 ദിർഹം എന്ന നിരക്കിലായിരിക്കും എക്‌സൈസ് നികുതി കണക്കാക്കുന്നത്.
- കൃത്രിമ മധുരം ചേർത്തിട്ടുള്ള പാനീയങ്ങൾ – കൃത്രിമ മധുരം മാത്രം ചേർത്തിട്ടുള്ളതും, ഓരോ 100 മില്ലീലിറ്ററിലും 5 ഗ്രാമിൽ താഴെ കൃത്രിമ മധുരം അടങ്ങിയിട്ടുള്ള പാനീയങ്ങളെയാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവയ്ക്ക് ലിറ്ററിന് 0.0 ദിർഹം എന്ന നിരക്കിലായിരിക്കും എക്‌സൈസ് നികുതി കണക്കാക്കുന്നത്.
WAM [Cover Image: Pixabay]

