രാജ്യത്തെ വാണിജ്യ കമ്പനികളുടെ നിയമങ്ങളിൽ വരുത്തിയ ഭേദഗതികൾ വ്യാപാരം സുഗമമാക്കുമെന്ന് ദുബായ് ഇക്കോണമി

Business

ഏതാനം ദിവസങ്ങൾക്ക് മുൻപ് രാജ്യത്തെ വാണിജ്യ കമ്പനികളുടെ നിയമങ്ങളിൽ വരുത്തിയ ഭേദഗതികൾ യു എ ഇയുടെ സാമ്പത്തിക പുരോഗതിയിലും, വിദേശ നിക്ഷേപങ്ങളിലും ശുഭകരമായ ദൂര വ്യാപക പ്രഭാവം ഉണ്ടാക്കുമെന്ന് ദുബായ് ഇക്കോണമി ഡയറക്ടർ ജനറൽ H.E. സമി അൽ ഖംസി അഭിപ്രായപ്പെട്ടു. യു എ ഇയിലെ 2015-ലെ കൊമേർഷ്യൽ കമ്പനീസ് ലോയിൽ ഭേദഗതികൾ വരുത്തിക്കൊണ്ട് പ്രസിഡന്റ് H.H. ഷെയ്ഖ് ഖലീഫ ബിൻ സയ്ദ് അൽ നഹ്യാൻ പുറത്തിറക്കിയ ഉത്തരവിനെ കുറിച്ച് സംസാരിക്കുകയായിരുന്നു അൽ ഖംസി.

ഈ ഭേദഗതി പ്രകാരം വിദേശികൾക്ക് യു എ ഇയിലെ വാണിജ്യ സ്ഥാപനങ്ങളിൽ 100 ശതമാനം ഉടമസ്ഥാവകാശം നേടുന്നതിനുള്ള അധികാരം നൽകിയിട്ടുണ്ട്. 2020 ഡിസംബർ 1 മുതൽ ഈ ഭേദഗതി പ്രാബല്യത്തിൽ വന്നിട്ടുണ്ട്. ഈ പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ രാജ്യത്ത് നിക്ഷേപങ്ങളും, വാണിജ്യ സംരംഭങ്ങളും ആരംഭിക്കുന്നതിന് നിയമപരിരക്ഷ ഉറപ്പാക്കുന്ന സാഹചര്യം രൂപപെട്ടതായി, ഈ നിയമ ഭേദഗതി പ്രഖ്യാപിച്ച് കൊണ്ട് ദുബായ് ഭരണാധികാരി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റഷീദ് അൽ മക്തൂം വ്യക്തമാക്കിയിരുന്നു.

ഈ നിയമ ഭേദഗതി വന്നതോടെ യു എ ഇയിലെ വാണിജ്യ മേഖലയിൽ കൂടുതൽ മത്സരസ്വഭാവം ദൃശ്യമാകുമെന്നും, രാജ്യത്ത് വ്യാപാരം സുഗമമാകുമെന്നും അൽ ഖംസി വ്യക്തമാക്കി. ഈ സാഹചര്യം കൂടുതൽ വിദേശ നിക്ഷേപങ്ങളെ യു എ ഇയിലേക്ക് ആകർഷിക്കുമെന്നും, ഇത് രാജ്യത്ത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ നിയമ ഭേദഗതി നിലവിൽ വന്നതോടെ യു എ ഇയിലെ വിദേശ നിക്ഷേപങ്ങളിൽ ഏതാണ്ട് 35 ശതമാനത്തിന്റെ വർദ്ധനവാണ് പ്രതീക്ഷിക്കുന്നത്.

“വ്യാപാര പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് ആവശ്യമായ ഏറ്റവും സുരക്ഷിതമായ സാഹചര്യങ്ങൾ ഒരുക്കുന്നതിൽ യു എ ഇ പുലർത്തുന്ന ഉത്സാഹവും, പ്രവർത്തനങ്ങളും ഈ പുതിയ നിയമം എടുത്തുകാട്ടുന്നു. ഇത് മേഖലയിലെ വാണിജ്യ പ്രവർത്തനങ്ങൾക്കും, നിക്ഷേപത്തിനും ഏറ്റവും യോജ്യമായ രാജ്യമാക്കി യു എ ഇയെ മാറ്റുന്നു. വാണിജ്യ സ്ഥാപനങ്ങളിൽ വിദേശികൾക്ക് 100% ഉടമസ്ഥാവകാശം നൽകുന്നതിലൂടെ വിദേശ, ആഭ്യന്തര നിക്ഷേപങ്ങളിൽ ഗുണപരമായ കുതിച്ച് ചാട്ടം ഞങ്ങൾ പ്രതീക്ഷിക്കുന്നു.”, ഈ നിയമത്തോട് പ്രതികരിച്ച് കൊണ്ട് ദുബായ് ഇക്കോണമി ഡയറക്ടർ ജനറൽ കൂട്ടിച്ചേർത്തു.

വലിയ വിദേശ സ്ഥാപനങ്ങളെ യു എ യിലേക്ക് ആകർഷിക്കുന്നതോടൊപ്പം, ഈ നിയമം ചെറുകിട നിക്ഷേപകരിലും ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതാണ്. വ്യക്തികളും, പ്രവാസികളും യു എ ഇയിൽ വാണിജ്യ സംരംഭങ്ങൾ ആരംഭിക്കുന്നതിനും, നിക്ഷേപം നടത്തുന്നതിനും ഈ നിയമം സാഹചര്യമൊരുക്കുന്നതാണ്. ചെറുകിട ഇടത്തരം സംരംഭ മേഖലകളിൽ ഇത് ഉണർവ്വ് നൽകുമെന്നും അൽ ഖംസി വ്യക്തമാക്കി.