ഉം അൽ ഖുവൈനിലെ അൽ സിനിയ ദ്വീപിൽ നടത്തിയ ഉല്‍ഖനനങ്ങളിൽ പുരാവസ്തു ഗവേഷകർ ഒരു പുരാതന ക്രിസ്ത്യൻ സന്ന്യാസിമഠം കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഈ സമുച്ചയത്തിൽ പള്ളി, റെഫെക്റ്ററി, ജലസംഭരണികൾ, സന്യാസിമാർക്കുള്ള ചെറുമുറികൾ എന്നിവ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഉം അൽ ഖുവൈൻ ടൂറിസം ആൻഡ് ആർക്കിയോളജി ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു.

യു എ ഇ സാംസ്‌കാരിക യുവജന മന്ത്രി നൂറ അൽ കാബി, യു എ ഇ പ്രസിഡന്റിന്റെ സാംസ്‌കാരിക ഉപദേഷ്ടാവും യു എ ഇ യൂണിവേഴ്‌സിറ്റി ചാൻസലറുമായ സാക്കി നുസൈബെഹ്, ഉം അൽ ഖുവൈൻ ടൂറിസം ആൻഡ് ആർക്കിയോളജി വകുപ്പ് ചെയർമാൻ ഷെയ്ഖ് മജീദ് ബിൻ സൗദ് അൽ മുഅല്ല എന്നിവർ ഈ പ്രഖ്യാപന ചടങ്ങിൽ പങ്കെടുത്തിരുന്നു.

അൽ സിനിയ ദ്വീപിന്റെ ചരിത്രപരമായ പരിസ്ഥിതിയിൽ ഉം അൽ ഖുവൈനിലെ ഏറ്റവും പ്രധാനപ്പെട്ട പുരാവസ്തു, വിനോദസഞ്ചാര കേന്ദ്രങ്ങൾ ഉൾപ്പെടുന്നുവെന്ന് ഷെയ്ഖ് മജീദ് പറഞ്ഞു. നൂറ്റാണ്ടുകൾ പിറകിലേക്ക് സഞ്ചരിക്കുമ്പോൾ ഈ ദ്വീപിൽ വിവിധ മതപരവും ബഹുസ്വരവുമായ സമൂഹങ്ങൾ സ്ഥിരതാമസമാക്കിയിരുന്നു എന്നതിന്റെ ജീവനുള്ള രേഖയാണ് ഈ കണ്ടെത്തലുകൾ നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ പുരാവസ്തു കണ്ടെത്തൽ യു എ ഇയുടെ ചരിത്രപരവും പൈതൃകപരവുമായി ഏറെ മൂല്യമുള്ളതാണെന്ന് സാംസ്കാരിക മന്ത്രി നൂറ അൽ കാബി പറഞ്ഞു. “അന്തരിച്ച സ്ഥാപക പിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ സ്വീകരിച്ച സമീപനത്തിന്റെ തുടർച്ചയായി പ്രാദേശിക പൈതൃകം വരും തലമുറകൾക്കായി സംരക്ഷിക്കാൻ യു എ ഇ സർക്കാർ വലിയ ശ്രമങ്ങൾ നടത്തിവരികയാണ്. ഇതാണ് നമ്മുടെ പൈതൃകവും ചരിത്രവും സംരക്ഷിക്കുന്നതിനുള്ള പ്രതിബദ്ധത തുടരാൻ ഞങ്ങളെ പ്രേരിപ്പിക്കുന്നത്, അതിൽ ഞങ്ങൾ അഭിമാനിക്കുന്നു,” അവർ കൂട്ടിച്ചേർത്തു.

പ്രദേശത്തെ ഏറ്റവും പ്രധാനപ്പെട്ട പുരാവസ്തു കണ്ടെത്തലുകളിൽ ഒന്നായാണ് ഈ കണ്ടെത്തലിനെ നുസൈബെ വിശേഷിപ്പിച്ചത്. “ദ്വീപിന്റെ വലിയ പ്രദേശങ്ങളിൽ വ്യാപിച്ചുകിടക്കുന്ന ഈ സമ്പന്നമായ പൈതൃകം കണ്ടെത്തിയതിന് ഉം അൽ ഖുവൈൻ ടൂറിസം ആൻഡ് ആർക്കിയോളജി ഡിപ്പാർട്ട്മെന്റിനെ ഞങ്ങൾ അഭിനന്ദിക്കുന്നു. എമിറേറ്റ്‌സിലെ ജനങ്ങളുടെ സാംസ്‌കാരിക പൈതൃകം സംരക്ഷിക്കുന്നതിനും അത് ശ്രദ്ധയോടെ ഉയർത്തിക്കാട്ടുന്നതിനും സാംസ്‌കാരിക, യുവജന മന്ത്രാലയത്തിന്റെയും, സംസ്ഥാന സർവകലാശാലകളുടെയും സഹകരണത്തോടെ ദ്വീപിലെ പുരാവസ്തു നിധികൾ പര്യവേക്ഷണം ചെയ്യുന്നതിൽ ഡിപ്പാർട്ട്‌മെന്റ് വിജയിക്കട്ടെ എന്ന് ഞങ്ങൾ ആശംസിക്കുന്നു.”, അവർ അറിയിച്ചു.
യു എ ക്യു ഡിപ്പാർട്ട്‌മെന്റ് ഓഫ് ടൂറിസം ആൻഡ് ആർക്കിയോളജി, ന്യൂയോർക്ക് യൂണിവേഴ്‌സിറ്റിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി സ്റ്റഡി ഓഫ് ദി ഏൻഷ്യന്റ് വേൾഡ്, യു എ ഇ സർവകലാശാല, യു എ ക്യുയിലെ ഇറ്റാലിയൻ ആർക്കിയോളജിക്കൽ മിഷൻ എന്നിവർ സംയുക്തമായി നടത്തുന്ന സിനിയ ആർക്കിയോളജി പ്രോജക്ടിന്റെ നേതൃത്വത്തിലാണ് ഈ കണ്ടെത്തൽ നടത്തിയത്. റേഡിയോകാർബൺ ഡേറ്റിംഗും സൈറ്റിൽ കുഴിച്ചെടുത്ത മൺപാത്രങ്ങളുടെ വിലയിരുത്തലും സൂചിപ്പിക്കുന്നത് ആറാം നൂറ്റാണ്ടിന്റെ അവസാനത്തിനും എട്ടാം നൂറ്റാണ്ടിന്റെ മധ്യത്തിനും ഇടയിൽ ഒരു സമൂഹം അവിടെ തഴച്ചുവളർന്നിരുന്നു എന്നാണ്. ഇസ്ലാമിക കാലഘട്ടത്തിന്റെ പിറവിക്ക് ഈ സമൂഹം സാക്ഷ്യം വഹിച്ചിരുന്നിരിക്കാൻ സാധ്യതയുണ്ട് എന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
WAM