മുത്തും പവിഴവും ശേഖരിക്കുന്ന പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന മേഖലയിലെ ഏറ്റവും പഴക്കം ചെന്ന നഗരം ഉം അൽ ഖുവൈനിൽ കണ്ടെത്തി

featured UAE

അറേബ്യൻ ഗൾഫ് മേഖലയിൽ മുത്തും പവിഴവും ശേഖരിക്കുന്ന പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന മേഖലയിലെ ഏറ്റവും പഴക്കം ചെന്ന നഗരം ഉം അൽ ഖുവൈനിൽ കണ്ടെത്തിയതായി എമിറേറ്റിലെ ടൂറിസം, ആർക്കിയോളജി വകുപ്പ് വെളിപ്പെടുത്തി. 2023 മാർച്ച് 20-നാണ് ഉം അൽ ഖുവൈൻ ടൂറിസം ആൻഡ് ആർക്കിയോളജി ഡിപ്പാർട്മെന്റ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഉം അൽ ഖുവൈനിലെ അൽ സിനിയ ദ്വീപിൽ നടത്തുന്ന ഉല്‍ഖനന പ്രവർത്തനങ്ങളുടെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായാണ് ഈ കണ്ടെത്തൽ.

Source: @uaq_tad.

അറേബ്യൻ ഗൾഫ് മേഖലയിൽ മുത്തും പവിഴവും ശേഖരിക്കുന്ന പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന മേഖലയിലെ ഏറ്റവും പഴക്കം ചെന്ന നഗരം എ ഡി ആറാം നൂറ്റാണ്ടിനും, എട്ടാം നൂറ്റാണ്ടിനും ഇടയിൽ സിനിയ ദ്വീപിൽ നിലനിന്നിരുന്നതായി അധികൃതർ അറിയിച്ചു.

Source: WAM.

അൽ സിനിയ ദ്വീപിലെ പുരാതന ക്രിസ്ത്യൻ സന്ന്യാസിമഠത്തിന് സമീപത്തായാണ് ഈ നഗരം നിലനിന്നിരുന്നതെന്ന് ടൂറിസം, ആർക്കിയോളജി വകുപ്പ് വ്യക്തമാക്കി.

Source: @uaq_tad.

“ഉം അൽ ഖുവൈന്റെയും, യു എ ഇയുടെയും, അറേബ്യൻ ഗൾഫ് മേഖലയുടെയും ചരിത്രത്തിലെ പ്രധാനപ്പെട്ട ഒരു അധ്യായമാണ് ഈ കണ്ടെത്തൽ. ഈ പ്രദേശത്തെ ജനങ്ങളുടെ പ്രധാന ഉപജീവനമാര്‍ഗ്ഗങ്ങളിലൊന്നായിരുന്നു കടലിൽ നിന്ന് മുത്തും പവിഴവും ശേഖരിക്കുന്ന പ്രവർത്തനം. ഏതാണ്ട് ഏഴായിരത്തോളം കൊല്ലത്തെ പൈതൃകമുള്ള ഒരു പ്രവർത്തി. ഉം അൽ ഖുവൈനിലെ നവീനശിലായുഗ കാലഘട്ടത്തിലെ കല്ലറകളിൽ നിന്ന് ലഭിച്ച തെളിവുകൾ മുത്തും പവിഴവും ശേഖരിക്കുന്ന പ്രവർത്തനത്തിലേക്ക് വിരൽ ചൂണ്ടുന്നു.”, ഉം അൽ ഖുവൈൻ ടൂറിസം ആൻഡ് ആർക്കിയോളജി ഡിപ്പാർട്മെന്റ് ചെയർമാൻ ഷെയ്ഖ് മജീദ് ബിൻ സൗദ് ബിൻ റാഷിദ് അൽ മുഅല്ല അറിയിച്ചു.

Source: WAM.

അൽ സിനിയ ദ്വീപിൽ കണ്ടെത്തിയ മുത്തും പവിഴവും ശേഖരിക്കുന്ന പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന ഈ നഗരം ഏതാണ്ട് 12 ഹെക്ടർ വിസ്തൃതിയുള്ളതായിരുന്നുവെന്ന് ആർക്കിയോളജി വിഭാഗം ഹെഡ് റാണിയ കന്നൗമ അറിയിച്ചു. 2023 സീസണിൽ മേഖലയിൽ നടത്തിയ ഉല്‍ഖനന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ നഗരം കണ്ടെത്തിയതെന്ന് അവർ കൂട്ടിച്ചേർത്തു.

എമിറേറ്റിൽ കണ്ടെത്തിയതിൽ വെച്ച് ഏറ്റവും വലിയ പ്രാചീന പട്ടണപ്രദേശങ്ങളിലൊന്നാണ് ഇത്. റാസ് അൽ ഖൈമ മേഖലയിൽ കണ്ടെത്തിയ മദ്ധ്യകാലഘട്ടത്തിലെ ജുൽഫാർ നഗരത്തോളം തന്നെ സമ്പല്‍സമൃദ്ധി നിറഞ്ഞ ഒരു നഗരമായിരുന്നു ഇതെന്ന് അധികൃതർ കൂട്ടിച്ചേർത്തു.

അൽ സിനിയയിൽ കണ്ടെത്തിയ ഈ പട്ടണത്തിൽ വളരെയധികം പാർപ്പിട കെട്ടിടങ്ങൾ ഉണ്ടായിരുന്നതായും, ഇതിൽ നിന്ന് ഈ മേഖലയിൽ ആയിരകണക്കിന് പേർ നിവസിച്ചിരുന്നതായി അനുമാനിക്കാമെന്നും അധികൃതർ അഭിപ്രായപ്പെട്ടു. മുത്ത്, പവിഴം എന്നിവയുടെ ശേഖരണമായിരുന്നു ഈ മേഖലയിലെ പ്രധാന വാണിജ്യ പ്രവർത്തനമെന്നും, ഈ നഗരത്തിൽ കണ്ടെത്തിയ മുത്തുച്ചിപ്പിയുടെ തുറന്ന തോടുകൾ നിറഞ്ഞ വലിയൊരു പ്രദേശം ഇതിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നും ടൂറിസം വകുപ്പ് വ്യക്തമാക്കി.

ഈ മേഖലയിലെ ഉല്‍ഖനന പ്രവർത്തനങ്ങളിൽ നിരവധി മുത്തുകൾ കണ്ടെത്തിയിട്ടുണ്ടെന്നും, ഇവിടെ നിന്ന് ലഭിച്ച, മുത്ത് വാരുന്നവർ കടലിലേക്ക് ഊളിയിടുന്നതിന്റെ വേഗത വർദ്ധിപ്പിക്കുന്നതിനായി ഉപയോഗിച്ചിരുന്ന ആയിരത്തിലധികം വർഷം പഴക്കമുള്ള തൂക്കുകട്ട വളരെ പ്രധാനപ്പെട്ട ഒരു കണ്ടെത്തലാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.

ഈ മേഖലയിൽ കണ്ടെത്തിയ കെട്ടിടങ്ങൾ വിവിധ രൂപകല്പനകളിലുള്ളവയായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. ഇതിൽ ചില കെട്ടിടങ്ങൾ കേവലം ഒരു മുറി മാത്രമുള്ളവയും, മറ്റു ചില കെട്ടിടങ്ങൾ രണ്ട് മുറികളോട് കൂടിയവ ആയിരുന്നെന്നും അധികൃതർ അറിയിച്ചു. ഇതിന് പുറമെ നിരവധി മുറികളോട് കൂടിയ വലിയ കെട്ടിടങ്ങളും ഈ പ്രദേശത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്.

Source: WAM.

പ്രാദേശികമായി കടൽത്തീരത്ത് നിന്ന് ലഭിക്കുന്ന കല്ലുകൾ, മറ്റു പരമ്പരാഗത നിർമ്മാണവസ്തുക്കൾ എന്നിവ ഉപയോഗിച്ചാണ് ഈ കെട്ടിടങ്ങൾ നിർമ്മിച്ചിരിക്കുന്നത്. പനയുടെ തടി ഉപയോഗിച്ചാണ് ഈ കെട്ടിടങ്ങളുടെ മേല്‍ക്കൂര നിർമ്മിച്ചരിക്കുന്നത്.

ഉം അൽ ഖുവൈനിലെ അൽ സിനിയ ദ്വീപിൽ നടത്തിയ ഉല്‍ഖനനങ്ങളിൽ പുരാവസ്തു ഗവേഷകർ ഒരു പുരാതന ക്രിസ്ത്യൻ സന്ന്യാസിമഠം കണ്ടെത്തിയതായി 2022 നവംബറിൽ അധികൃതർ വെളിപ്പെടുത്തിയിരുന്നു. ഈ സമുച്ചയത്തിൽ പള്ളി, റെഫെക്റ്ററി, ജലസംഭരണികൾ, സന്യാസിമാർക്കുള്ള ചെറുമുറികൾ എന്നിവ ഉണ്ടായിരുന്നു.

WAM