സൗദി അറേബ്യയിലെ കിംഗ് ഖാലിദ് റോയൽ റിസർവ് മേഖലയിലെ പുരാവസ്തു സർവേ നടപടികൾ ഇമാം അബ്ദുൽഅസീസ് ബിൻ മുഹമ്മദ് റോയൽ റിസേർവ് ഡവലപ്മെന്റ് അതോറിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ചു. സൗദി പ്രസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഈ മേഖലയിലെ സാംസ്‌കാരികപരവും, ചരിത്രപരവുമായ പ്രാധാന്യമുള്ള പ്രദേശങ്ങൾ സംരക്ഷിക്കുന്നതിനും, അവയുടെ പുനരധിവാസം സാധ്യമാക്കുന്നതും ലക്ഷ്യമിട്ടാണ് ഈ നടപടി. ഒരു മാസത്തെ കാലയളവിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
ഹെറിറ്റേജ് കമ്മിഷനുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഈ മേഖലയിൽ ഗവേഷണം നടത്തുന്നതിനും, ഇവിടെ നിന്ന് ലഭിക്കുന്ന പുരാവസ്തുക്കൾ, പൈതൃകസംബന്ധിയായ വിവരങ്ങൾ എന്നിവ രേഖപ്പെടുത്തുന്നതിനും, ഈ മേഖലയിൽ ആർക്കിയോളജിക്കൽ സർവേ നടത്തുന്നതിനുമായി ശാസ്ത്രവിദഗ്‌ദ്ധരുടെ ഒരു സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.

കിംഗ് ഖാലിദ് റോയൽ റിസർവ് ചരിത്രപ്രാധാന്യമുള്ള ഒരു മേഖലയാണെന്നും, ഇവിടെ പാറയിൽ കൊത്തിയിട്ടുള്ള കലാരൂപങ്ങൾ, കല്ല് കൊണ്ടുള്ള നിർമ്മിതികൾ, പ്രാചീന കൊട്ടാരങ്ങൾ എന്നിവ ഉൾപ്പടെയുള്ള നിരവധി പുരാവസ്തു അവശേഷിപ്പുകളുണ്ടെന്നും അതോറിറ്റി ചൂണ്ടിക്കാട്ടി.
Cover Image: Saudi Press Agency.