അബുദാബി: ആർച്ചർ എയർ ടാക്സി പരീക്ഷണ പറക്കൽ ആരംഭിച്ചു

featured GCC News

ആർച്ചർ എയർ ടാക്സിയുടെ പരീക്ഷണ പറക്കൽ അബുദാബിയിൽ ആരംഭിച്ചു. 2025 ജൂലൈ 2-നാണ് അബുദാബി മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

എമിറേറ്റിൽ വാണിജ്യാടിസ്ഥാനത്തിൽ എയർ ടാക്സി സേവനങ്ങൾ ആരംഭിക്കുന്നതിന്റെ പ്രാരംഭനടപടികളുടെ ഭാഗമായാണ് ആർച്ചർ ഏവിയേഷൻ തങ്ങളുടെ ഇലക്ട്രിക് എയർ ടാക്സി വാഹനത്തിന്റെ പരീക്ഷണ പറക്കൽ ആരംഭിച്ചിരിക്കുന്നത്.

ആർച്ചർ ഏവിയേഷൻ കമ്പനിയുടെ ആദ്യത്തെ പൂർണ്ണ വൈദ്യുത വെർട്ടിക്കൽ ടേക്ക് ഓഫ്, ലാൻഡിംഗ് (eVTOL) വിമാനമായ മിഡ്‌നൈറ്റിന്റെ പരീക്ഷണ പറക്കലാണ് അബുദാബിയിൽ ആരംഭിച്ചിരിക്കുന്നത്. അമേരിക്കൻ ഇലക്ട്രിക്ക് എയർ ടാക്സി സേവനദാതാക്കളാണ് ആർച്ചർ ഏവിയേഷൻ.

2025 ജൂലൈ 2-ന് ആർച്ചർ ഏവിയേഷൻ മിഡ്‌നൈറ്റിന്റെ യു എ ഇയിലെ ആദ്യത്തെ പരീക്ഷണ പറക്കൽ വിജയകരമായി പൂർത്തിയാക്കി. അബുദാബിയിലെ അൽ ബതീൻ എക്സിക്യൂടീവ് എയർപോർട്ടിൽ വെച്ചാണ് ഈ പരീക്ഷണ പറക്കൽ നടത്തിയത്.

ഉയർന്ന ചൂട്, ഈർപ്പം, പൊടി മുതലായ മേഖലയിലെ തീവ്രമായ വേനൽക്കാല സാഹചര്യങ്ങളിൽ ഈ വാഹനം സുരക്ഷിതമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനായി പ്രത്യേകം രൂപകൽപ്പന ചെയ്ത പരീക്ഷണങ്ങളാണ് ഇതിന്റെ ഭാഗമായി നടത്തുന്നത്. യു എ ഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി, അബുദാബി ഇൻവെസ്റ്റ്മെന്റ് ഓഫീസ്, അബുദാബി എയർപോർട്ട്സ്, മറ്റു സർക്കാർ വകുപ്പുകൾ തുടങ്ങിയവയിലെ ഉന്നത ഉദ്യോഗസ്ഥർ ഈ പരീക്ഷണ പറക്കലിന് സാക്ഷ്യം വഹിച്ചു.

സുസ്ഥിര നഗര ഗതാഗതത്തിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന മിഡ്‌നൈറ്റിന് നാല് യാത്രക്കാരെയും ഒരു പൈലറ്റിനെയും വഹിക്കാൻ കഴിയുന്നതാണ്. പൂർണ്ണമായും വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ഈ വാഹനം, ഒരു ഹെലികോപ്റ്റർ പോലെ ലംബമായി പറന്നുയരുകയും ഇറങ്ങുകയും ചെയ്യുന്നു. ഇതിന്റെ രൂപകൽപ്പനയും പ്രവർത്തന പ്രൊഫൈലും കാര്യക്ഷമമായ ഹ്രസ്വ ദൂര വിമാനങ്ങൾക്ക് അനുയോജ്യമാണ്.

പശ്ചിമേഷ്യൻ പ്രദേശങ്ങളിൽ വാണിജ്യാടിസ്ഥാനത്തിൽ തങ്ങളുടെ എയർ ടാക്സി സേവനങ്ങൾ ആരംഭിക്കുന്നതിലേക്ക് ആർച്ചർ ഏവിയേഷൻ വെക്കുന്ന ആദ്യത്തെ ചുവടുവയ്പ്പാണിത്.

ജോബി ഏരിയൽ ടാക്സിയുടെ ആദ്യ പരീക്ഷണ പറക്കൽ വിജയകരമായി പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) ജൂൺ 30-ന് അറിയിച്ചിരുന്നു.