വർഷം 2022 പിറന്നിട്ട് ആദ്യ പാദം കഴിഞ്ഞില്ലെങ്കിലും ആറ് തവണയായി 50% ആണ് വിമാന ഇന്ധന വില ഉയർന്നത്. 2022 മാർച്ച് 16-ന് മാത്രം വിമാന ഇന്ധന വില വർദ്ധിച്ചത് 18 ശതമാനമാണ്! ഇത് പ്രകാരം ഈ ഒരൊറ്റ ദിനം ഒരു കിലോ ലിറ്റർ എണ്ണ വിലയിലുണ്ടായ വർദ്ധനവ് 17,135.63 രൂപയാണ്.
ഇത് ചരിത്രത്തിലെ ഏറ്റവും വലിയ വർദ്ധനവാണ്. 2022-ൽ ആറ് തവണയായി മൊത്തം 36,643.88 വർദ്ധനവ് രേഖപ്പെടുത്തി. ഈ വർദ്ധനവോടെ ഇന്ധന വില ഒരു കിലോ ലിറ്ററിന് Rs. 110, 266.29 ആയി ഉയർന്നിട്ടുണ്ട്.
റഷ്യ-യുക്രെൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇപ്പോൾ എണ്ണവില 140 യു എസ് ഡോളറിൽ എത്തി നിൽക്കുന്ന സാഹചര്യമാണുള്ളത്. ഇതിന് മുമ്പ് ഏറ്റവും വില ഉയർന്നത് 2008-ലാണ്. 2008-ൽ ഇന്ധന വില 147 ഡോളർ ആയി ഉയർന്ന സാഹചര്യത്തിൽ കിലോ ലിറ്ററിന് 71,028 രൂപയായിരുന്നു രേഖപ്പെടുത്തിയത്.
ഈ വർദ്ധനവുകൾ എല്ലാം വഹിക്കേണ്ടെത് പ്രവാസികൾ അടക്കമുള്ള യാത്രക്കാർ ആയിരിക്കുമെന്നതിൽ തർക്കമില്ല. 2022 മാർച്ച് 27 മുതൽ സാധാരണ വിമാന സർവ്വീസുകൾ ആരംഭിക്കുമ്പോൾ ടിക്കറ്റ് നിരക്ക് കുറയുമെന്ന പ്രത്യാശക്ക് ഏറെ മങ്ങലേൽപ്പിക്കുന്നതാണ് വ്യോമയാന എണ്ണ വിലയിലെ ഈ കുതിപ്പ്. വിമാന യാത്രയുടെ ചിലവിന്റെ 40% ഫ്യൂവൽ ചാർജ്ജുമായി ബന്ധപ്പെട്ടാണെന്നത് ടിക്കറ്റ് നിരക്ക് ഉയരാനുള്ള സാധ്യതയിലേക്ക് വിരൽ ചൂണ്ടുന്നു.
തയ്യാറാക്കിയത്: ️അബ്ദുൽ റഊഫ് കൊണ്ടോട്ടി.