ബഹ്‌റൈൻ: അറുപത് വയസിന് മുകളിൽ പ്രായമുള്ളവർക്ക് ബൂസ്റ്റർ ഡോസ് നൽകാൻ തീരുമാനം

Bahrain

രാജ്യത്തെ അറുപത് വയസിന് മുകളിൽ പ്രായമുള്ളവർക്കും, രോഗപ്രതിരോധശേഷി കുറഞ്ഞവർക്കും COVID-19 വാക്സിനിന്റെ ബൂസ്റ്റർ ഡോസ് നൽകാൻ തീരുമാനിച്ചതായി ബഹ്‌റൈനിലെ നാഷണൽ മെഡിക്കൽ ടാസ്‌ക്‌ഫോഴ്‌സ്‌ അറിയിച്ചു. ഫൈസർ അല്ലെങ്കിൽ ആസ്ട്രസെനെക്കാ വാക്സിൻ രണ്ട് ഡോസുകൾ സ്വീകരിച്ച ശേഷം ആറ് മാസം പൂർത്തിയാക്കിയ ഈ വിഭാഗങ്ങളിൽപ്പെടുന്നവർക്കാണ് ഒരു അധിക ഡോസ് ബൂസ്റ്റർ കുത്തിവെപ്പ് നൽകുന്നത്.

ഇത്തരത്തിൽ ബൂസ്റ്റർ ഡോസിന് അർഹതയുള്ളവർക്ക് ബൂസ്റ്റർ കുത്തിവെപ്പായി ഫൈസർ വാക്സിനോ, അല്ലെങ്കിൽ ആദ്യ രണ്ട് കുത്തിവെപ്പുകൾക്ക് ഉപയോഗിച്ച അതേ വാക്സിനോ ഉപയോഗിക്കാമെന്നും അധികൃതർ വ്യക്തമാക്കി. ബൂസ്റ്റർ ഡോസുകൾ സംബന്ധിച്ച് ബഹ്‌റൈൻ ഗവണ്മെന്റ് എക്സിക്യൂട്ടീവ് കമ്മിറ്റി നടത്തിയ പഠനങ്ങൾക്ക് ശേഷമാണ് ഈ തീരുമാനം.

2021 ഒക്ടോബർ 1 മുതൽ ഈ വിഭാഗങ്ങളിൽപ്പെടുന്ന ബൂസ്റ്റർ ഡോസിന് അർഹതയുള്ളവരുടെ BeAware ആപ്പിലെ ഗ്രീൻ ഷീൽഡ് സ്റ്റാറ്റസ് യെല്ലോ ഷീൽഡ് സ്റ്റാറ്റസിലേക്ക് മാറുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ഇവർ ഗ്രീൻ സ്റ്റാറ്റസ് തിരികെ ലഭിക്കുന്നതിനായി ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് സ്വീകരിക്കേണ്ടതാണ്.

വാക്സിൻ ലഭിക്കുന്നതിനുള്ള മുൻ‌കൂർ ബുക്കിംഗ് ആരോഗ്യ മന്ത്രലായത്തിന്റെ https://healthalert.gov.bh/ എന്ന വെബ്സൈറ്റിലും, BeAware ആപ്പിലും താമസിയാതെ ആരംഭിക്കുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

രാജ്യത്ത് രോഗപ്രതിരോധ ശേഷി സംബന്ധമായ പ്രശ്നങ്ങളുള്ള 3 മുതൽ 11 വയസ് വരെയുള്ള കുട്ടികൾക്ക് സിനോഫാം COVID-19 വാക്സിൻ കുത്തിവെപ്പ് നൽകുന്നതിന് ബഹ്‌റൈൻ നാഷണൽ മെഡിക്കൽ ടാസ്‌ക്‌ഫോഴ്‌സ്‌ ഔദ്യോഗിക അംഗീകാരം നൽകിയിട്ടുണ്ട്.