ബഹ്‌റൈൻ: സോട്രോവിമാബ് മോണോക്ലോണൽ ആന്റിബോഡി ചികിത്സാരീതിയ്ക്ക് അടിയന്തിര ഉപയോഗത്തിന് അനുമതി നൽകി

Bahrain featured

രാജ്യത്തെ COVID-19 രോഗബാധിതരിൽ സോട്രോവിമാബ് (Vir-7831) മോണോക്ലോണൽ ആന്റിബോഡി ചികിത്സാരീതി അടിയന്തിര ഘട്ടങ്ങളിൽ ഉപയോഗിക്കുന്നതിന് അംഗീകാരം നൽകിയതായി ബഹ്‌റൈൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ബഹ്‌റൈനിലെ നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റിയാണ് (NHRA) ഈ ചികിത്സാരീതിയ്ക്ക് അനുമതി നൽകിയത്.

ജൂൺ 2-ന് രാത്രിയാണ് ബഹ്‌റൈൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. തീവ്രതയില്ലാത്ത COVID-19 രോഗബാധയുള്ളവർക്കും, ശക്തി കുറഞ്ഞ COVID-19 രോഗബാധയുള്ളവർക്കും, ഇവർക്ക് ആശുപത്രിവാസം ഉൾപ്പടെയുളള ഗുരുതര നിലയിലേക്ക് രോഗം നീങ്ങുന്ന സാഹചര്യത്തിൽ ഈ ചികിത്സാരീതി ഉപയോഗിക്കുന്നതിനാണ് ബഹ്‌റൈൻ അനുമതി നൽകിയിരിക്കുന്നത്.

മാരകമായ വൈറസുകളെ ചെറുക്കുന്നതിൽ മനുഷ്യശരീരത്തിലെ രോഗ പ്രതിരോധ വ്യുഹം പുലർത്തുന്ന ശേഷി അനുകരിക്കാൻ കഴിവുള്ള ലാബ് നിർമ്മിത പ്രോട്ടീനുകൾ ഉപയോഗിച്ചാണ് മോണോക്ലോണൽ ആന്റിബോഡി ചികിത്സാരീതി പ്രവർത്തിക്കുന്നത്. ശ്വേതരക്താണുക്കളെ ക്ലോൺ ചെയ്താണ് മോണോക്ലോണൽ ആന്റിബോഡി നിർമ്മിക്കുന്നത്.

ഗ്ലാക്സോ സ്മിത്ത്ക്ലൈൻ പി‌എൽ‌സി (GSK) രൂപം നൽകിയ ഈ ചികിത്സാരീതിയ്ക്ക് യു എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ഏതാനം ദിവസം മുൻപ് അംഗീകാരം നൽകിയിരുന്നു. ഇതേ തുടർന്നാണ് ബഹ്‌റൈൻ ഇപ്പോൾ ഈ ചികിത്സാരീതിയ്ക്ക് അംഗീകാരം നൽകിയിരിക്കുന്നത്.

അടിയന്തിര സഹചര്യങ്ങളിൽ സോട്രോവിമാബ് മോണോക്ലോണൽ ആന്റിബോഡി ചികിത്സാരീതി ഉപയോഗിക്കുന്നതിന് യു എ ഇ ആരോഗ്യ മന്ത്രാലയം, കുവൈറ്റ് ആരോഗ്യ മന്ത്രാലയം എന്നിവരും അനുമതി നൽകിയിട്ടുണ്ട്.

കൊറോണ വൈറസ് ബാധ മൂലം ആശുപത്രി ചികിത്സ ആവശ്യമാകുന്നവർക്ക് കിടത്തിച്ചികിത്സ ആവശ്യമാകുന്ന കാലാവധി 24 മണിക്കൂറോളം കുറയ്ക്കുന്നതിനും, എളുപ്പത്തിൽ സുഖം പ്രാപിക്കുന്നതിനും സോട്രോവിമാബ് സഹായകമാകുമെന്നാണ് ഈ ചികിത്സാരീതി സംബന്ധമായ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. COVID-19 രോഗബാധിതരിൽ ഈ ചികിത്സാരീതി 85 ശതമാനം ഫലപ്രദമാണെന്നും, മരണം തടയുന്നതിൽ ഏറെ ഫലപ്രദമാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.