രാജ്യത്ത് നിലവിലേർപ്പെടുത്തിയിട്ടുള്ള COVID-19 സുരക്ഷാ മാനദണ്ഡങ്ങൾ മൂന്ന് മാസത്തേക്ക് കൂടി തുടരാൻ തീരുമാനിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ബഹ്‌റൈനിലെ കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന നാഷണൽ മെഡിക്കൽ ടാസ്‌ക്‌ഫോഴ്‌സിന്റെ നിർദ്ദേശത്തെത്തുടർന്നാണ് ഈ തീരുമാനം.
ഫെബ്രുവരി 26-ന് രാത്രിയാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. ഈ തീരുമാനത്തോടെ ബഹ്‌റൈനിലെ കൊറോണ വൈറസ് സാഹചര്യത്തിൽ ഏർപ്പെടുത്തിയിട്ടുള്ള സുരക്ഷാ നിർദ്ദേശങ്ങൾ 2021 ഫെബ്രുവരി 28 മുതൽ 2021 മെയ് 31 വരെ തുടരുന്നതാണ്.
രാജ്യത്തെ മുഴുവൻ പൗരമാരോടും, നിവാസികളോടും സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി തുടരാൻ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. ഈ തീരുമാന പ്രകാരം, താഴെ പറയുന്നവ ഉൾപ്പടെയുള്ള നിർദ്ദേശങ്ങൾ ബഹ്‌റൈനിൽ തുടരുന്നതാണ്.
- ബഹ്‌റൈനിലെ വാണിജ്യ, വ്യവസായ മേഖലകളിൽ നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള സുരക്ഷാ മാനദണ്ഡങ്ങൾ തുടരും.
- വാണിജ്യ, വ്യവസായ മേഖലകളിൽ സമൂഹ അകലം ഉറപ്പാക്കേണ്ടതാണ്.
- വാണിജ്യ, വ്യവസായ മേഖലകളിലെ ജീവനക്കാർക്കിടയിൽ ആരോഗ്യ പരിശോധനകൾ തുടരുന്നതാണ്.
- രാജ്യത്തെ ആരോഗ്യ കേന്ദ്രങ്ങളിലെത്തുന്ന പ്രവാസികൾക്ക് സേവന ഫീസ് ഇനത്തിൽ ഈടാക്കിയിരുന്ന 7 ദിനാർ ഒഴിവാക്കി നൽകിയ തീരുമാനവും ഈ കാലയളവിൽ തുടരുന്നതാണ്.