കോവിഷീൽഡ്-ആസ്ട്രസെനേക്കാ COVID-19 വാക്സിനിന്റെ ഇരു ഡോസുകൾ തമ്മിലുള്ള ഇടവേള ദീർഘിപ്പിക്കാൻ തീരുമാനിച്ചതായി ബഹ്‌റൈൻ മിനിസ്ട്രി ഓഫ് ഹെൽത്ത് അറിയിച്ചു. ഫെബ്രുവരി 26, വെള്ളിയാഴ്ച്ച വൈകീട്ടാണ് ബഹ്‌റൈൻ ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് നൽകിയത്.
ഈ വാക്സിൻ സംബന്ധിച്ച് ലോകാരോഗ്യ സംഘടന മുന്നോട്ട് വെച്ചിട്ടുള്ള നിർദ്ദേശ പ്രകാരമാണ് കോവിഷീൽഡ്-ആസ്ട്രസെനേക്കാ COVID-19 വാക്സിനിന്റെ ആദ്യത്തെയും, രണ്ടാമത്തെയും ഡോസ് കുത്തിവെപ്പുകൾ തമ്മിലുള്ള ഇടവേള 8 ആഴ്ച്ചയാക്കുന്നതിന് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്. ആദ്യത്തെയും, രണ്ടാമത്തെയും ഡോസ് വാക്സിൻ കുത്തിവെപ്പുകൾ തമ്മിലുള്ള ഇടവേള കൂട്ടുന്നത് വാക്സിനിന്റെ സഫലത കൂട്ടുന്നതിനും, വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കുന്നവരിൽ കൊറോണ വൈറസിനെതിരെ ഉയർന്ന രോഗപ്രതിരോധ ശേഷി നേടുന്നതിനും ഇടയാക്കുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.
നേരത്തെ, ആസ്ട്രസെനേക്കാ COVID-19 വാക്സിനിന്റെ ഇരു ഡോസുകൾ തമ്മിലുള്ള ഇടവേള ദീർഘിപ്പിക്കാനുള്ള നിർദ്ദേശത്തിന് ഔദ്യോഗികമായി അംഗീകാരം നൽകിയതായി ദുബായ് ഹെൽത്ത് അതോറിറ്റിയും വ്യക്തമാക്കിയിരുന്നു.