ദുബായ്: നിലവിലെ COVID-19 സുരക്ഷാ മാനദണ്ഡങ്ങൾ റമദാൻ ആരംഭിക്കുന്നത് വരെ നീട്ടാൻ തീരുമാനിച്ചു

featured GCC News

എമിറേറ്റിൽ നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള COVID-19 പ്രതിരോധ സുരക്ഷാ മാനദണ്ഡങ്ങൾ റമദാൻ ആരംഭിക്കുന്നത് വരെ തുടരാൻ തീരുമാനിച്ചതായി ദുബായ് സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെൻറ്റ് അറിയിച്ചു. ഇതോടെ ദുബായിൽ നിലവിലുള്ള പ്രതിരോധ മാനദണ്ഡങ്ങൾ ഈ വർഷം ഏപ്രിൽ പകുതിവരെ തുടരുന്നതാണ്.

ഫെബ്രുവരി 26-ന് ഷെയ്ഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നേതൃത്വത്തിൽ ചേർന്ന കമ്മിറ്റി യോഗത്തിലാണ് ഈ തീരുമാനം കൈകൊണ്ടിട്ടുള്ളത്. പൊതു സമൂഹത്തിന്റെ സുരക്ഷ മുൻനിർത്തി, 2021 ഫെബ്രുവരി 2 മുതൽ ദുബായിൽ നടപ്പിലാക്കിയിട്ടുള്ള COVID-19 പ്രതിരോധ സുരക്ഷാ മാനദണ്ഡങ്ങൾ തുടരാൻ യോഗത്തിൽ തീരുമാനിക്കുകയായിരുന്നു.

ഫെബ്രുവരി മാസത്തിൽ സുരക്ഷാ നിയന്ത്രണങ്ങൾ കർശനമാക്കിയതോടെ എമിറേറ്റിലെ COVID-19 വ്യാപനം ഫലപ്രദമായി പ്രതിരോധിക്കാൻ സാധിച്ചുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഈ മാനദണ്ഡങ്ങൾ തുടരാൻ കമ്മിറ്റി തീരുമാനിച്ചത്. ഇതോടെ ദുബായിൽ താഴെ പറയുന്ന സുരക്ഷാ നിയന്ത്രണങ്ങൾ 2021 ഏപ്രിൽ പകുതിവരെ തുടരുന്നതാണ്.

  • സിനിമാ ശാലകൾ, വിനോദകേന്ദ്രങ്ങൾ, കായിക വേദികൾ മുതലായ ഇൻഡോർ കേന്ദ്രങ്ങളിൽ പരമാവധി ശേഷിയുടെ 50 ശതമാനം പേർക്ക് മാത്രമാണ് ഫെബ്രുവരി 2 മുതൽ പ്രവേശനം അനുവദിക്കുന്നത്. ഇത്തരം ഇടങ്ങളിലെ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കും.
  • ഹോട്ടലുകളുടെ പ്രവർത്തനം പരമാവധി ശേഷിയുടെ 70 ശതമാനം എന്ന രീതിയിൽ പുനഃക്രമീകരിക്കേണ്ടതാണ്.
  • ഹോട്ടലുകളിലെ സ്വകാര്യ ബീച്ചുകൾ, നീന്തൽ കുളങ്ങൾ എന്നിവയുടെ പ്രവർത്തന ശേഷി 70 ശതമാനമാക്കി നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്.
  • മാളുകളിൽ പരമാവധി ശേഷിയുടെ 70 ശതമാനം പേർക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുന്നത്.
  • റെസ്റ്ററന്റുകൾ, കഫേകൾ മുതലായ ഭക്ഷണശാലകൾ കർശനമായും രാത്രി 1 മണിയോടെ അടയ്‌ക്കേണ്ടതാണ്.
  • പബ്ബുകൾ, ബാറുകൾ എന്നിവ അടച്ചിടും.
  • സമൂഹ അകലം, മാസ്കുകളുടെ ഉപയോഗം എന്നിവ കർശനമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി എമിറേറ്റിലുടനീളം ശക്തമായ പരിശോധനാ നടപടികൾ ഏർപ്പെടുത്തുന്നതാണ്.

സമൂഹ സുരക്ഷ മുൻനിർത്തി ഈ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ കമ്മിറ്റി ജനങ്ങളോട് ആവശ്യപ്പെട്ടു.

എമിറേറ്റിലെ COVID-19 പ്രതിരോധത്തിന്റെ ഭാഗമായുള്ള മുൻകരുതൽ നിർദ്ദേശങ്ങളിലെ ലംഘനങ്ങൾ അധികൃതരുമായി പങ്ക് വെക്കാൻ കമ്മിറ്റി പൊതുസമൂഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. 901 എന്ന സൗജന്യ ഹോട്ട് ലൈൻ നമ്പറിലൂടെയും, ദുബായ് പോലീസിന്റെ സ്‍മാർട്ട് ആപ്പിൽ ലഭ്യമാക്കിയിട്ടുള്ള ‘ഐ ഓഫ് ദി പോലീസ്’ (Eye of the Police) സേവനം ഉപയോഗിച്ചും എമിറേറ്റിലെ COVID-19 മുൻകരുതൽ നിർദ്ദേശങ്ങളിലെ വീഴ്ച്ചകളുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങൾ പൊതുജനങ്ങൾക്ക് ദുബായ് പോലീസുമായി പങ്ക് വെക്കാവുന്നതാണ്.