ബഹ്‌റൈൻ: പ്രവാസി തൊഴിലാളികൾക്കുള്ള രജിസ്‌ട്രേഷൻ പദ്ധതി പ്രഖ്യാപിച്ചു; പുതിയ വർക്ക് പെർമിറ്റ് കാർഡ് നടപ്പിലാക്കും

featured GCC News

രാജ്യത്തെ പ്രവാസി തൊഴിലാളികൾക്കുള്ള ലേബർ രജിസ്‌ട്രേഷൻ പ്രോഗ്രാമിനെക്കുറിച്ച് ബഹ്‌റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) അറിയിപ്പ് നൽകി. 2022 ഒക്ടോബർ 18-ന് ഇസ കൾച്ചറൽ സെന്ററിൽ നടന്ന പ്രത്യേക പത്രസമ്മേളനത്തിലാണ് LMRA ഇക്കാര്യം അറിയിച്ചത്.

ബഹ്‌റൈൻ ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുമായി ചേർന്നാണ് LMRA ഈ പത്രസമ്മേളനം സംഘടിപ്പിച്ചത്. പ്രവാസി തൊഴിലാളികൾക്കുള്ള ഈ രജിസ്‌ട്രേഷൻ പദ്ധതി സ്വകാര്യ മേഖലയിലാണ് നടപ്പിലാക്കുന്നത്.

ഇതിന്റെ ഭാഗമായി ബഹ്‌റൈനിൽ സാധുതയുള്ള റെസിഡൻസി പെർമിറ്റുള്ള പ്രവാസി തൊഴിലാളികൾക്ക് (നിയമലംഘനങ്ങൾ ഉണ്ടായിരിക്കരുത്) ഈ കാർഡിനായി അപേക്ഷിക്കാവുന്നതാണ്. ഇത്തരം അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള വർക്കർ രജിസ്‌ട്രേഷൻ കേന്ദ്രങ്ങൾ രാജ്യത്തുടനീളം അടുത്ത് തന്നെ ആരംഭിക്കുന്നതാണ്.

തൊഴിലാളികളുടെയും, തൊഴിലുടമകളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനും, വേതനം ഉറപ്പാക്കുന്നതിനും ആവശ്യമായ നിരീക്ഷണം ഏർപ്പെടുത്തുന്നതിന് ഈ രജിസ്‌ട്രേഷൻ പദ്ധതി സഹായകമാകുമെന്ന് LMRA വ്യക്തമാക്കി. സാങ്കേതിക പരിജ്ഞാനം, നിപുണത എന്നിവ ആവശ്യമാകുന്ന തൊഴിലുകളിൽ ഇത്തരം യോഗ്യതകൾ ഉള്ളവർ മാത്രമാണ് തൊഴിലെടുക്കുന്നതെന്ന് പരിശോധിച്ച് ഉറപ്പിക്കുന്നതിനും ഈ രജിസ്‌ട്രേഷനിലൂടെ സാധിക്കുന്നതാണ്.

ഈ പദ്ധതിയിലൂടെ രജിസ്‌ട്രേഷൻ പൂർത്തിയാക്കുന്ന പ്രവാസി തൊഴിലാളികൾക്ക് QR കോഡ് ഉൾപ്പെടുത്തിയിട്ടുള്ള ഒരു വർക്ക് പെർമിറ്റ് കാർഡ് അനുവദിക്കുന്നതാണ്. ഇതിൽ തൊഴിലാളികളുടെ ഏറ്റവും പുതിയ തൊഴിൽ വിവരങ്ങൾ ഉൾപ്പെടുത്തുന്നതാണ്. ഈ QR കോഡ് ഉപയോഗിച്ച് കൊണ്ട് ഇത്തരം പെർമിറ്റുകളുടെ ഇനം, തൊഴിലെടുക്കാൻ അനുമതിയുള്ള ജോലികൾ, പെർമിറ്റിന്റെ സാധുത, ആരോഗ്യ ഇൻഷുറൻസ് സംബന്ധിച്ച വിവരങ്ങൾ, രജിസ്‌ട്രേഷൻ പൂർത്തിയാക്കിയ കേന്ദ്രത്തിന്റെ വിവരങ്ങൾ എന്നിവ പരിശോധിക്കാവുന്നതാണ്.

ബഹ്‌റൈനിലുള്ള തൊഴിലാളികൾക്ക് മാത്രമാണ് ഈ രജിസ്‌ട്രേഷൻ പൂർത്തിയാക്കാൻ അനുമതി നൽകിയിരിക്കുന്നത്. മുൻപ് ജോലി ഉപേക്ഷിച്ച് കടന്ന് കളഞ്ഞതായുള്ള പരാതികൾ ഇല്ലാത്തവരും, ക്രിമിനൽ കേസുകൾ ഇല്ലാത്തവരുമായ തൊഴിലാളികൾക്ക് മാത്രമാണ് ഈ രജിസ്‌ട്രേഷൻ പൂർത്തിയാക്കാനാകുക.