രാജ്യത്തെ സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് വേതനം ഉറപ്പ് വരുത്തുന്നതിനുള്ള പ്രത്യേക പദ്ധതിയുടെ മൂന്നാം ഘട്ടം ആരംഭിച്ചതായി ബഹ്‌റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) അറിയിച്ചു. ജനുവരി 3-നാണ് LMRA ഇക്കാര്യം അറിയിച്ചത്.
വേജസ് പ്രൊട്ടക്ഷൻ സിസ്റ്റം (WPS) എന്ന ഈ പദ്ധതിയുടെ ആദ്യ ഘട്ടം 2021 മെയ് 1 മുതൽ ബഹ്‌റൈനിൽ പ്രാബല്യത്തിൽ വന്നിരുന്നു 2021 മെയ് 1 മുതൽ മൂന്ന് ഘട്ടങ്ങളിലായി സ്വകര്യ മേഖലയിലെ സ്ഥാപനങ്ങളിൽ നടപ്പിലാക്കുന്ന ഈ പദ്ധതിയുടെ രണ്ടാം ഘട്ടം 2021 സെപ്റ്റംബർ 1 മുതൽ ആരംഭിച്ചിരുന്നു.
സ്വകാര്യ മേഖലയിലെ തൊഴിൽ തർക്കങ്ങൾ പരമാവധി കുറയ്ക്കുന്നതിന് ലക്ഷ്യമിട്ടാണ് ബഹ്‌റൈൻ മിനിസ്ട്രി ഓഫ് ലേബർ ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് (MLSD) മന്ത്രി ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ ഈ പദ്ധതി സംബന്ധിച്ച് 2021 മാർച്ച് മാസത്തിൽ ‘2021/ 22’ എന്ന ഔദ്യോഗിക ഉത്തരവിറക്കിയത്. ഈ പദ്ധതിയുടെ ആദ്യ ഘട്ടം 500-ൽ പരം തൊഴിലാളികളുള്ള സ്ഥാപനങ്ങളിലും, രണ്ടാം ഘട്ടം 50 മുതൽ 449 വരെ തൊഴിലാളികളുള്ള സ്ഥാപനങ്ങളിലുമാണ് നടപ്പിലാക്കിയത്. ഒന്ന് മുതൽ പരമാവധി 49 തൊഴിലാളികൾ വരെയുള്ള സ്ഥാപനങ്ങളിലാണ് ഈ പദ്ധതിയുടെ മൂന്നാം ഘട്ടം ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്.
തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ശമ്പളം കൃത്യമായി എത്തുന്നത് ഉറപ്പാക്കുന്നതിലൂടെ രാജ്യത്തെ സ്വകാര്യ തൊഴിൽ മേഖലയിൽ സുതാര്യത ഉറപ്പ് വരുത്തുന്നതിനും, തൊഴിൽ ചൂഷണങ്ങൾ ഒഴിവാക്കുന്നതിനും, ശമ്പളവുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കുന്നതിനും, അനധികൃത തൊഴിലാളികളുടെ ഉപയോഗം ഒഴിവാക്കുന്നതിനും ഈ പദ്ധതിയിലൂടെ അധികൃതർ ലക്ഷ്യമിടുന്നു. തൊഴിൽ ചൂഷണങ്ങൾ നിയന്ത്രിക്കുന്നതിലൂടെ മനുഷ്യക്കടത്തുൾപ്പടെയുള്ള പ്രവർത്തനങ്ങൾ തടയുന്നതിനും ഈ പദ്ധതി സഹായകമാകുന്നതാണ്.
500-ൽ പരം തൊഴിലാളികളുള്ള സ്ഥാപനങ്ങളിൽ 100 ശതമാനവും, 50 മുതൽ 449 വരെ തൊഴിലാളികളുള്ള സ്ഥാപനങ്ങളിൽ 88 ശതമാനവും ഈ പദ്ധതിയുടെ കീഴിൽ വേതനം ഉറപ്പാക്കിയതായി അധികൃതർ ചൂണ്ടിക്കാട്ടി.