രാജ്യത്തെ നിയമങ്ങൾ ലംഘിച്ച് കൊണ്ട് ബഹ്‌റൈനിൽ തുടരുന്ന പ്രവാസികളെ കണ്ടെത്തുന്നതിനായും, തൊഴിൽ മേഖലയിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിനായും ബഹ്‌റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) നോർത്തേൺ ഗവർണറേറ്റിൽ പ്രത്യേക പരിശോധനകൾ നടത്തി. നോർത്തേൺ ഗവർണറേറ്റിൽ പ്രവാസി തൊഴിലാളികൾ ഒത്ത് ചേരുന്ന ഇടങ്ങളിലാണ് 2021 നവംബർ 4-ന് LMRA പരിശോധനകൾ നടത്തിയത്.
LMRA-യുടെ കീഴിലുള്ള ലേബർ ഇൻസ്‌പെക്ഷൻ ഡയറക്ടറേറ്റ്, നാഷണാലിറ്റി പാസ്സ്പോർട്സ് ആൻഡ് റെസിഡൻസ് അഫയേഴ്‌സ് (NPRA), നോർത്തേൺ ഗവർണറേറ്റിലെ പോലീസ് ഡയറക്ടറേറ്റ് എന്നിവർ സംയുക്തമായാണ് ഈ പരിശോധനകൾ നടത്തിയത്. തൊഴിൽ നിയമങ്ങൾ, റെസിഡൻസി നിയമങ്ങൾ എന്നിവ മറികടന്ന ഏതാനം പ്രവാസികളെ ഈ പരിശോധനയുടെ ഭാഗമായി അറസ്റ്റ് ചെയ്തിട്ടുണ്ട്.
രാജ്യത്തെ പ്രവാസി തൊഴിലാളികൾ LMRA മാനദണ്ഡങ്ങൾ, നിബന്ധനകൾ എന്നിവ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനായാണ് ഈ പരിശോധന. തൊഴിൽ മേഖലയിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിനായി രാജ്യവ്യാപകമായി പരിശോധനകൾ നടപ്പിലാക്കുമെന്ന് LMRA നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി മുഹറഖ് ഗവർണറേറ്റിൽ 2021 ഒക്ടോബർ 30-ന് LMRA-യുടെ നേതൃത്വത്തിൽ പരിശോധനകൾ നടത്തിയിരുന്നു.
അനധികൃതർ കുടിയേറ്റക്കാരെ രാജ്യത്തെ നിയമങ്ങൾ അനുശാസിക്കുന്ന പ്രകാരം നാട് കടത്തുമെന്ന് LMRA നേരത്തെ അറിയിച്ചിരുന്നു.