ഗാർഹിക ജീവനക്കാരുടെ നിയമനവുമായി ബന്ധപ്പെട്ട് അനധികൃത ഏജൻസികളുമായി ഇടപാടുകൾ നടത്തുന്നതിൽ നിന്ന് വിട്ട് നിൽക്കാൻ രാജ്യത്തെ പൗരന്മാരോടും, പ്രവാസികളോടും ബഹ്‌റൈൻ ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി (LMRA) മുന്നറിയിപ്പ് നൽകി. 2023 ഏപ്രിൽ 4-നാണ് LMRA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഇത്തരം ജീവനക്കാരെ നിയമിക്കുന്നതിനായി നിയമാനുസൃതമല്ലാത്ത രീതിയിൽ പ്രവർത്തിക്കുന്ന ബ്രോക്കർമാരെയോ, മതിയായ ലൈസൻസ് ഇല്ലാത്ത ഏജൻസികളെയോ സമീപിക്കരുതെന്ന് LMRA വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം സ്ഥാപനങ്ങളുമായുള്ള ഇടപാടുകൾ ഗുരുതരമായ നിയമനടപടികളിലേക്ക് നയിക്കാമെന്ന് LMRA ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഇതിന് പുറമെ ഇത്തരം നിയമാനുസൃതമല്ലാത്ത രീതിയിൽ പ്രവർത്തിക്കുന്ന ഏജൻസികൾ വഴി ഗാർഹിക ജീവനക്കാരെ നിയമിക്കുന്ന നടപടികൾ സാമൂഹിക, ആരോഗ്യ പരമായ പ്രത്യാഘാതങ്ങൾക്കിടയാക്കുമെന്നും LMRA കൂട്ടിച്ചേർത്തു. രാജ്യത്ത് ഗാർഹിക ജീവനക്കാരെ നിയമിക്കുന്നതിന് നിയമപരമായ ലൈസൻസുകൾ ലഭിക്കുന്ന സ്ഥാപനങ്ങൾക്ക്, കുടുംബങ്ങളുമായി ബന്ധപ്പെട്ട സേവനങ്ങൾ എന്ന രീതിയിൽ, പ്രത്യേക പരിശോധനകൾക്ക് ശേഷമാണ് അവ അനുവദിക്കുന്നതെന്ന് LMRA വ്യക്തമാക്കി.
ഇത്തരം ലൈസൻസുകൾ ഈ സേവനവുമായി ബന്ധപ്പെട്ട ഉപഭോക്താക്കൾ ഉൾപ്പടെയുള്ള എല്ലാ കക്ഷികളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നത് ഉറപ്പാക്കുന്നതായി LMRA ചൂണ്ടിക്കാട്ടി. നിയമവിരുദ്ധമായ രീതിയിൽ പ്രവർത്തിക്കുന്ന ബ്രോക്കർമാരും, മതിയായ ലൈസൻസ് ഇല്ലാത്ത ഏജൻസികളും നിയമാനുസൃതമല്ലാത്തവരും, ക്രമവിരുദ്ധമായതുമായ ഗാർഹിക ജീവനക്കാരെയാണ് സാധാരണ രീതിയിൽ ഉപഭോക്താക്കൾക്ക് നൽകുന്നതെന്ന് LMRA കൂട്ടിച്ചേർത്തു. ഇത്തരം ജീവനക്കാർ അവരുടെ വർക്ക് പെർമിറ്റ് നിബന്ധനകൾ ലംഘിച്ചവരാകാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് LMRA ചൂണ്ടിക്കാട്ടിയിട്ടുണ്ട്.