രാജ്യത്തെ COVID-19 വാക്സിനേഷൻ നടപടികളുടെ ഭാഗമായി രണ്ട് ഡോസ് സിനോഫാം വാക്സിനെടുത്തവർക്ക് മൂന്നാമതൊരു ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് ലഭിക്കുന്നതിനുള്ള റെജിസ്ട്രേഷൻ നടപടിക്രമങ്ങൾ സംബന്ധിച്ച് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി. ജൂൺ 9-ന് രാത്രിയാണ് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
രണ്ട് ഡോസ് സിനോഫാം വാക്സിനെടുത്ത വിവിധ വിഭാഗങ്ങളിലുള്ളവർക്ക് ബൂസ്റ്റർ ഡോസ് നൽകുന്ന കാലാവധിയെക്കുറിച്ചാണ് ഈ അറിയിപ്പിൽ പ്രധാനമായും മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ഈ കാലാവധി പ്രകാരം ഇവർക്ക് ബൂസ്റ്റർ ഡോസിനായി രജിസ്‌ട്രേഷൻ പൂർത്തിയാക്കാവുന്നതാണ്.
ബഹ്‌റൈനിൽ താഴെ പറയുന്ന രീതിയിലാണ് ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് നൽകുന്നത്:
- അപകട സാധ്യത കൂടുതലുള്ള പ്രവാസികൾ, പൗരന്മാർ എന്നിവരടങ്ങിയ വിഭാഗം – 50 വയസ്സിന് മുകളിൽ പ്രായമുള്ളവർ, രോഗപ്രതിരോധ ശേഷി കുറവുള്ളവർ, അമിതവണ്ണമുള്ളവർ, COVID-19 മുൻനിര പ്രവർത്തകർ തുടങ്ങിയ വിഭാഗങ്ങൾക്ക് രണ്ടാം ഡോസ് കുത്തിവെപ്പെടുത്ത് 3 മാസത്തിന് ശേഷമാണ് ബൂസ്റ്റർ കുത്തിവെപ്പ് നൽകുന്നത്.
- രണ്ടാം ഡോസ് പൂർത്തിയാക്കിയ ആരോഗ്യവാന്മാരായവർക്ക് 6 മാസത്തിന് ശേഷമാണ് ബൂസ്റ്റർ കുത്തിവെപ്പ് നൽകുന്നത്.
- 2020-ൽ COVID-19 രോഗമുക്തരായവർക്ക്, രോഗമുക്തി നേടിയ തീയതി മുതൽ 3 മാസം കണക്കാക്കി ബൂസ്റ്റർ ഡോസിന് അർഹതയുണ്ടായിരിക്കും.
- 2021-ൽ രോഗമുക്തി നേടിയ ശേഷം രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുള്ളവർക്ക് ബൂസ്റ്റർ ഡോസിന് അർഹതയില്ല.
- രണ്ട് ഡോസ് സിനോഫാം വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമാണ് ഈ ബൂസ്റ്റർ ഡോസ് നൽകുന്നത്.
സിനോഫാം COVID-19 വാക്സിൻ കുത്തിവെപ്പുകൾ പൂർത്തിയാക്കിയവർക്ക് ബൂസ്റ്റർ ഡോസ് ലഭിക്കുന്നതിനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം മെയ് 18-ന് അറിയിച്ചിരുന്നു. COVID-19 വാക്സിൻ ബൂസ്റ്റർ ഡോസിനുള്ള രജിസ്‌ട്രേഷൻ ‘BeAware Bahrain’ ആപ്പിലൂടെ പൂർത്തിയാക്കാവുന്നതാണ്.