രാജ്യത്ത് രൂക്ഷമാകുന്ന COVID-19 രോഗവ്യാപനം തടയുന്നതിനായി ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി. ദിനംപ്രതിയുള്ള COVID-19 രോഗബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിലാണ് പ്രതിരോധ നടപടികൾ ശക്തമാക്കാൻ ജനങ്ങളോട് മന്ത്രാലയം ആഹ്വാനം ചെയ്തത്.
ഏപ്രിൽ മൂന്നിന് രാത്രിയാണ് ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. പൊതു സമൂഹത്തിന്റെ സുരക്ഷ മുൻനിർത്തി പ്രതിരോധ നിർദ്ദേശങ്ങൾ വീഴ്ച്ച കൂടാതെ പാലിക്കേണ്ടത് ഓരോ ബഹ്‌റൈൻ നിവാസിയുടെയും കടമയാണെന്ന് മന്ത്രാലയം ഓർമ്മപ്പെടുത്തി.
ജനങ്ങളോട് വീടുകളിൽ തുടരാനും, മാസ്കുകളുടെ ഉപയോഗം, കൈകളുടെ ശുചിത്വം, സമൂഹ അകലം തുടങ്ങിയ സുരക്ഷാ നിർദ്ദേശങ്ങൾ വീഴ്ച്ച കൂടാതെ പാലിക്കാനും മന്ത്രാലയം ആവശ്യപ്പെട്ടു. നിയമലംഘകർക്കെതിരെ ശക്തമായ നടപടികൾ ഉണ്ടാകുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇതിനായി പരിശോധനകൾ കർശനമാക്കുമെന്നും മന്ത്രാലയം അറിയിച്ചു.
പൊതുസമൂഹത്തിൽ COVID-19 പ്രതിരോധ നടപടികളിൽ അവബോധം വളർത്തുന്നതിനായി 2021 ഏപ്രിൽ 1 വരെയുള്ള കാലയളവിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ 7816 ബോധവത്‌കരണ പരിപാടികൾ സംഘടിപ്പിച്ചതായും അധികൃതർ വ്യക്തമാക്കി. മാസ്കുകൾ കൃത്യമായി ധരിക്കുന്നതിൽ വീഴ്ച്ചവരുത്തിയ 66714 പേർക്കെതിരെ നടപടികൾ സ്വീകരിച്ചതായും മന്ത്രാലയം കൂട്ടിച്ചേർത്തു. സമൂഹ അകലം പാലിക്കുന്നതിൽ വീഴ്ച്ച വരുത്തിയ 8786 പേർക്കെതിരെ അധികൃതർ ഇതുവരെ നടപടികൾ കൈക്കൊണ്ടിട്ടുണ്ട്.